Thursday 31 July, 2008,3:18 pm
ഒരു വിളി

ദയാത്രികര്‍, ഇരുചക്രവാഹനങ്ങളിലും കാറുകളിലും സഞ്ചരിച്ചുകൊണ്ടിരിക്കുന്നവര്‍- എല്ലാവരും നിശ്ചലരായി മൊബൈല്‍ ഫോണ്‍ എടുത്ത്‌ കാതോട്‌ ചേര്‍ത്തു.
ഹലോ, ആരാണ്‌
ഞാനാണ്‌.
ഞാനെന്നുവച്ചാല്‍...? എവിടെ നിന്നെന്നു പറയൂ.
-ഭീഷണമായ ഒരു ശുണ്ഠിവന്നു.
ഇവിടെനിന്നാണ്‌, നൂറ്റാണ്ടുകളുടെ മണ്ണടരുകള്‍ക്കിടയില്‍നിന്ന്...എനിക്ക്‌ പേരിടപ്പെട്ടില്ല.
ഫോസിലുകള്‍ ഞെരിഞ്ഞൊടിയുന്ന ശബ്ദം റിസീവറില്‍.
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 0 comments
,3:03 pm
ദി ചെടി



ക്രിക്കറ്റുകളിയുടെ മുറ്റത്തുനിന്ന് കയ്യിലെന്തോ ഉയര്‍ത്തിപ്പിടിച്ചാര്‍ത്തുകൊണ്ട്‌ ജലനൃത്തം പോലെ മോനോടി വന്നു.



ഒരു നെല്‍ച്ചെടി.



മകന്‌ അത്‌ പറഞ്ഞുകൊടുത്തു.പണ്ട്‌ ഇവിടെ ഒരു വയലായിരുന്നിരിക്കണം. അയാളോര്‍ത്തു. ഒരോണനിലാവിന്റെ വേദന അയാളില്‍ വന്നുപോയി.അച്ഛാ, ഇത്‌ പെരിയാര്‍ റൈസോ പവിഴം റൈസോ?പെട്ടെന്ന് കൈ പൊള്ളി, നെല്‍ച്ചെടി അയാള്‍ നിലത്തിട്ടുകളഞ്ഞു.

 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 1 comments
Friday 25 July, 2008,7:56 pm
അച്ഛന്‍

നിലത്ത്‌ വെള്ള പുതപ്പിച്ചു കിടത്തിയിരുന്ന ആ ശരീരത്തിനോട്‌ അവന്‌ അപരിചിതത്വം തോന്നിഈ മനുഷ്യനായിരുന്നു തന്‍റെ ജനയിതാവ്‌ എന്ന്‌ വിശ്വസിക്കാന്‍ അവന്‍ വിഷമപ്പെട്ടു.ഇയാളെ അച്ഛാ എന്നു വിളിക്കുമ്പോള്‍ താന്‍ അപമാനം അനുഭവിച്ചിരുന്നുവെന്ന്‌ അവന്‌ തോന്നി.മരിച്ചുമഞ്ഞച്ച ആ മുഖം നോക്കി നില്‍ക്കെ അവനില്‍ വെറുപ്പ്‌ നുരഞ്ഞ്‌ പൊന്തി. ആ മനുഷ്യന്‍റെ മുന്‍കോപം , ജുഗുപ്‌സാവഹമായ ഭാവ ഹാവാദികളും കുരച്ചുചാട്ടങ്ങളും ,....ആദര്‍ശഭ്രാന്ത്‌...കുചേലനെ ഓര്‍മ്മിപ്പിക്കുന്ന ആ ദൈന്യം. ആരും വെറുത്തു പോകുന്ന ഒരുതരം മന്ദന്‍ നിഷ്‌കളങ്കത.പാരമ്പര്യമായി തനിക്ക്‌ പകര്‍ന്നു കിട്ടിയ അയാളുടെ ഞരമ്പുരോഗവും ഹെമറോയിഡ്‌സും...അവന്‌ ഓക്കാനം വന്നു.

എന്തിനാണവന്‍ അച്ഛന്‍റെ മുറിയിലേക്ക്‌ കടന്നത്‌? ചറുപിറുന്നനെയുള്ള വര്‍ത്തമാനം ക്ഷണം നിര്‍ത്തിയ പൊടിയുടെ നോട്ടങ്ങള്‍അവന്‍ എന്തിനോ അച്ഛന്‍റെ പ്രിയപ്പെട്ട സ്റ്റീരിയോയില്‍ തൊട്ടു.“മക്കളേ...!”വാത്സല്യത്തിന്‍റെ മധുരം പിടയുന്ന അച്ഛന്‍റെ വിളി ഒരുടര്‍ന്ന വീണാനാദം പോലെ മുഴങ്ങിക്കേട്ട്‌ പെട്ടെന്നവന്‍ തിരിഞ്ഞു നോക്കി.

http://malayalam.webdunia.com/miscellaneous/literature/stories/0807/24/1080724064_1.htm
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 1 comments
,7:36 pm
കുട്ടിക്കഥ


പാത്രം അനങ്ങിയതേയുള്ളു, അവന്മാര്‍ റെഡിയാകുന്നത്‌ കണ്ടു.അമ്മക്ക്‌ ദേഷ്യം വന്നു‘ഇന്ന്‌ ഭക്ഷണമൊന്നും തയ്യാറായിട്ടില്ല. പുറത്തു പോയി എന്തെങ്കിലും ശേഖരിക്കാനും വയ്യെനിക്ക്’‌.
അവന്മാര്‍ നിന്ന്‌ ചറുവി.
അമ്മ പെഴ്‌സ്‌ തുറന്ന്‌ ഒരു നോട്ടെടുത്ത്‌ നീട്ടി‘ഇന്നാ ഹോട്ടലില്‍ പോയി വല്ലതും കഴിക്ക്‌’.
അവര്‍ക്ക്‌ അങ്ങനെ ഒരു സന്തോഷമില്ല.
പൂമോള്‍ തുള്ളിച്ചാടിക്കൊണ്ട്‌ ആദ്യമിറങ്ങി.
പുറകേ മുടന്തി മുടന്തി ലെനില്‍, കാത്തു, നീലു,...നാലു മുയലുകള്‍ നിരത്തൊരത്തൂടെ തിമിര്‍ത്ത്‌ ഓടി പോകുന്നത്‌ ഉച്ചയില്‍ വിയര്‍ത്തു നിന്നുകൊണ്ട്‌ ആളുകള്‍ കണ്ടു.
‘ബാബിലോണീയ’യെ അയാള്‍ പോകുന്നിടത്തെല്ലാം ശലഭങ്ങള്‍ ചുറ്റിപ്പറന്നിരുന്നത്‌ പോലെ ഹരിതാഭമായ ഒരു പരിവേഷം അവരെ ചൂഴ്‌ന്ന്‌ നില്‍ക്കുന്നത്‌ പോലെ കാണപ്പെട്ടു.
‘ചിക്കന്‍ റോസ്‌റ്റ്‌, ബീഫ്‌ റോസ്‌റ്റ്‌, ചിക്കന്‍ കറി, മട്ടണ്‍ കുറുമ, റാബിറ്റ്‌ ഫ്രൈ...’
സെര്‍വര്‍ നീട്ടിപ്പറഞ്ഞുകൊണ്ടിരിക്കെ നിഷ്‌കളങ്കമായ ഒരു തിരിച്ചറിയായ്‌കയില്‍ തെല്ലിട തമ്മില്‍ കുശുകുശുത്തിരുന്നിട്ട്‌ അവര്‍ അവസാനത്തെ വിഭവത്തിന്‌ ഓര്‍ഡര്‍ നല്‌കി ഉല്ലാസപൂര്‍വ്വം കാത്തിരുന്നു. ലെനിന്‍ മേശമേല്‍ താളം പിടിക്കാനും മറ്റുള്ളവര്‍ വെറുതെ ചിരിക്കാനും ചിരിയടക്കാനുമൊക്കെ തുടങ്ങി.
http://malayalam.webdunia.com/miscellaneous/literature/stories/0807/24/1080724062_1.htm
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 0 comments
,6:50 pm
മണക്കുന്ന മണ്ണിനെക്കുറിച്ച്‌


ത്‌ മാമ്പഴക്കാലം. ഈര്‍ക്കിലില്‍ കോര്‍ത്ത കശുമാങ്ങകള്‍ ചന്തയില്‍ വിരുന്നുവന്നിരുന്ന കാലം ഓര്‍മ്മയുണ്ടോ കൂട്ടുകാരാ?


നാലഞ്ചു കശുമാങ്ങ കഴുകിയെടുക്കുക. അത്‌ കഷ്ണിച്ച്‌ പാത്രത്തിലാക്കുക. ലേശം ഉപ്പൊഴിക്കുക. അനന്തരം അത്‌ തിന്നുനോക്കുക. ആ സ്വാദറിയുമോ ചങ്ങാതീ?


കശുമാങ്ങകള്‍ പഴുത്ത്‌ ഹര്‍ഷസാഫല്യങ്ങള്‍ വിങ്ങിപ്പൊട്ടിയ മണം നിറഞ്ഞുകിടക്കുന്ന ഇടവഴിയിലൂടെ നടക്കാന്‍ നിങ്ങള്‍ ഭയപ്പെടും,ഞെട്ടും.


ചങ്ങാതീ,ഇല്ലെന്ന് നിങ്ങള്‍ക്ക്‌ വാതുവയ്ക്കാമോ?

തണല്‍ വാര്‍ഷികപ്പതിപ്പ് 1991ല്‍ പ്രസിദ്ധീകരിച്ചത്

 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 0 comments
,6:22 pm
വീട്‌


വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അവന്റെ മുഖം പുണ്ണുപോലിരുന്നു.


ഒറ്റയടിപ്പാത. അത്‌ ഇമവെട്ടുന്നു. പതുക്കെ....


ഈ വിടരുന്ന മന്ദസ്മിതം ആര്‍ക്കായിട്ട്‌?


ചുണ്ടുകളിലിപ്പോള്‍ ഒരു മൂളിപ്പാട്ട്‌.


കൊറ്റികള്‍ ചിറകടിക്കുന്ന വയലുകള്‍ക്കും മഞ്ഞവെയില്‍ ഓര്‍ത്തോര്‍ത്തു നില്‍ക്കുന്ന പച്ചത്തഴപ്പുകള്‍ക്കും നടുവില്‍...ഇപ്പോള്‍ അവനില്ല.


ഒരു ചിറകടിയുടെ തിളങ്ങുന്ന ഇളക്കം മാത്രം മാഞ്ഞുപോകുന്നു.

 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 0 comments
Friday 18 July, 2008,5:10 pm
മുയലുകള്‍




ന്റെ മകള്‍ക്ക്‌ മൂന്നു പേരുകളുണ്ട്‌. വീട്ടുപേര്‌, നാട്ടുപേര്‌, പിന്നെ 'മുയല്‍ക്കുഞ്ഞ്‌' എന്നൊരു കാട്ടുപേരും.

ഒരു സായംകാലത്ത്‌ ഞാന്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ വഴിയോരത്തൊരു വെളുത്ത മുയല്‍ കളിച്ചുമറിയുന്നത്‌ കണ്ടു. ഞാന്‍ സമീപത്തു ചെന്നപ്പോള്‍ തെല്ലകലേയ്ക്കോടിപ്പോയിട്ട്‌ വീണ്ടുമത്‌ തിരിച്ചുവന്ന് ചാടിത്തിമിര്‍ക്കാന്‍ തുടങ്ങി. ഞാന്‍ പതുങ്ങിച്ചെന്ന് പെട്ടെന്ന് ആ മുയലിനെ കൈക്കുള്ളില്‍ പിടിച്ചു. അപ്പോള്‍ അത്ഭുതത്തോടെ, അത്‌ ഓടിപ്പോകാന്‍ യത്നിക്കുന്നില്ലെന്നും അതിന്‌ എന്റെ മകളുടെ മുഖച്ഛായയുണ്ടെന്നും ഞാന്‍ കണ്ടു. ആകുഞ്ഞിക്കണ്ണുകളില്‍ ഒരു ഗൂഢസ്മേരത്തിന്റെ പാല്‍പ്പതയുണ്ടായിരുന്നു. ഞാനാ മുയലിനെ നെഞ്ചോടണച്ച്‌ വീട്ടിലെത്തി. പിച്ചവച്ചുനടക്കാന്‍ മാത്രം പ്രായമായ മകള്‍ക്കതിനെ സമ്മാനിച്ചു. മുയലും അവളും കൂടി ഒച്ചവച്ചുകളിക്കാന്‍ തുടങ്ങി
ആ രാത്രി എന്റെ മകളെയും ആ മുയലിനെയും ഒരുമിച്ച്‌ കാണാതായി. പുലര്‍കാലത്ത്‌ രണ്ട്‌ വിശേഷപ്പെട്ട മുയലുകള്‍ ഗ്രാമാതിര്‍ത്തി കടന്ന് കാട്ടിലേക്കോടിപ്പോകുന്നത്‌ കണ്ടവരുണ്ടത്രേ.
(മകള്‍ നയനതാരയ്ക്ക്‌)
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 5 comments
,4:44 pm
ഒരു വിളക്കിന്റെ കഥ

പ്പ ഫാക്ടറിയില്‍ നിന്നുവന്ന്, ആപ്പിളുകളുടെ മുഖചിത്രമുള്ള, കലാകൗമുദിയെന്ന പുതിയ വാരിക വായിച്ചുകൊണ്ട്‌ കിടക്കുകയാണ്‌. അമ്മ അടുക്കളയില്‍ പച്ചത്തേയില ഇടിക്കുന്നു. മഴക്കാലത്ത്‌ മാമൂട്ടു വനങ്ങളില്‍ കാണാറുള്ള വെള്ളച്ചാട്ടങ്ങള്‍ പ്രത്യക്ഷപ്പെട്ടോയെന്ന് നോക്കാനാണ്‌ നടേശന്‍ ജനല്‍ തുറന്നത്‌. ജനലിലൂടെ നുഴഞ്ഞുകയറിവന്ന മൂടല്‍മഞ്ഞ്‌ അത്ഭുതത്തോടെ എല്ലാമൊന്ന് നോക്കി അലിഞ്ഞുപോയി.


ജനലടയ്ക്കുമ്പോള്‍ കതകില്‍ മുട്ട്‌.


മറ്റൊരു മഞ്ഞായിരിക്കുമോ?


കതക്‌ തുറന്നപ്പോള്‍ ഒരു കുട്ടി അകത്ത്‌ കടന്നു. അപ്പായ്ക്ക്‌ ചെവി കേള്‍ക്കില്ല. എങ്കിലും തിരിഞ്ഞു നോക്കി.


നടേശന്‍ അനിയത്തിയുടെ സ്ലേറ്റെടുത്ത്‌ അപ്പായ്ക്ക്‌ എഴുതിക്കൊടുത്തു. ഒരു വിളക്ക്‌. ഏതു വിളക്കെന്നു ചോദിച്ചുകൊണ്ട്‌ അപ്പ ഓര്‍മയിലുഴറി.നടേശന്‍ വീണ്ടും വീണ്ടും എഴുതി.


കുട്ടിയുടെ അച്ഛനാണ്‌ വിളക്കേല്‍പ്പിച്ചത്‌. കുറേ മുന്‍പ്‌.


സ്ലേറ്റില്‍ അവന്റെ അച്ഛനെക്കണ്ട്‌ അപ്പ പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞ്‌ അവനെ നോക്കി. അപ്പയുടെ നോട്ടത്തില്‍ വിമൂകമായ ഒരു തിളക്കം.


നടേശനെയും കൂട്ടി പഴയ സാധനങ്ങള്‍ക്കിടയില്‍നിന്ന് ആ പിത്തളവിളക്ക്‌ തപ്പിയെടുക്കുന്നതിനിടെ അപ്പ അവന്‌ ആ കുട്ടിയുടെ കഥ പറഞ്ഞുകൊടുത്തു. അവന്റച്ഛന്‍ കുത്തേറ്റാണ്‌ മരിച്ചത്‌. ലയത്തില്‍ തൊട്ടടുത്ത പോര്‍ഷനിലെ താമസക്കാരന്റെ. ഇറയം ചോരാതിരിക്കാന്‍ മേല്‍ക്കൂരയില്‍ വച്ചിരുന്ന തകരം ഒരല്‍പം മറ്റേയാളിന്റെ ഭാഗത്തേയ്ക്ക്‌ നീങ്ങിപ്പോയി എന്നതായിരുന്നു വഴക്കിനു കാരണം.


ഒരു തകരക്കഷണം...


അവനില്‍ ഒരു ഗദ്ഗദമുടഞ്ഞു.


വിളക്കേല്‍പ്പിക്കുമ്പോള്‍ പഠിക്കുന്നില്ലേയെന്നു ചോദിച്ച്‌ അപ്പ കുട്ടിയുടെ കവിളില്‍ തലോടി.


അവന്‍ പഠിപ്പ്‌ നിര്‍ത്തിയിരുന്നു. നാല്‌ ജയിച്ചു. ഇനി വിതുരയി പോകണം.


കുട്ടി വിളക്കുമായി പടിയിറങ്ങി മഞ്ഞില്‍ മറഞ്ഞുപോകുന്നത്‌ നടേശന്‍ നോക്കിനിന്നു.


എന്തോ, ആ വിളക്ക്‌ കത്താതിരിക്കുമോയെന്ന് അവന്‍ ഭയപ്പെട്ടു.

 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 1 comments
Tuesday 8 July, 2008,7:45 pm
അതിഥികള്‍



ചിലരുണ്ട്‌, പൂമുഖത്തിരുന്ന്, മുഷിഞ്ഞ ചായത്തിലേക്കും അടര്‍ന്ന ചുവരിലേക്കും വെടിപ്പില്ലാത്ത മുറ്റത്തും നോക്കി എല്ലാം വലിച്ചുവാരി പുറത്തിട്ട്‌ പരിശോധിച്ചുകൊണ്ടിരിക്കും. റ്റുചിലരോ, കണ്ണുകളിലേക്കാണ്‌ നോക്കുക. മറ്റേതൊ ലോകത്തുനിന്ന് വന്നവരെപ്പോലെയാണ്‌ അവര്‍ കാണപ്പെടുക. അവര്‍ കണ്ണുകളിലൂടെ, ഹൃദയത്തിലൂടെ പറന്നുപറന്ന്...

 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 0 comments
,6:56 pm
പൂമുഖങ്ങള്‍ക്ക്‌

രൂ എന്ന് നീ സ്വാഗതമോതും മുമ്പ്‌ ഉമ്മറത്തേക്ക്‌ ഞാന്‍ ചാടിക്കയറിയിട്ടുണ്ടാവും. എന്റെ കരം ഗ്രഹിക്കുംമുമ്പ്‌ ഞാന്‍ നിന്നെ കെട്ടിപ്പിടിച്ചിട്ടുണ്ടാവും. ഇറങ്ങിപ്പോകൂ എന്ന് നീ വിരല്‍ ചൂണ്ടുന്നതിനുമുമ്പ്‌ പടിയിറങ്ങി ഞാന്‍ പൊയ്ക്കഴിഞ്ഞിട്ടുമുണ്ടാകും.

 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 1 comments
,6:53 pm
ഉടമ



ഗരത്തിലേക്ക്‌ ഡ്രൈവ്‌ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരടിയന്തിര കാര്യ്ം സുഹൃത്തിനെ അറിയിക്കാന്മറന്നത്‌ അയാളോര്‍ത്തു. ഒരു മാസത്തേക്ക്‌ വിദേശപര്യടനത്തിലായിരിക്കുമെന്നതിനാല്‍ തന്റെ ഒഴിഞ്ഞുകിടക്കുന്ന വീട്ടില്‍ പാര്‍ത്ത്‌ അവധിക്കാലം ചെലവഴിക്കാന്‍ കുടുംബസഹിതം എത്തിയിരിക്കുകയാണവന്‍.


ഗ്രാമത്തിലെത്തിയപ്പോള്‍ നേരം പുലര്‍ന്നു തുടങ്ങിയിരുന്നു.


തന്റെ ബംഗ്ലാവിനു മുന്നിലയാള്‍ കാര്‍ നിര്‍ത്തി.


ഭാഗ്യം, ഗേറ്റ്‌ പൂട്ടിയിട്ടില്ല.


അകത്തേക്ക്‌ കയറുമ്പോള്‍, വീട്ടുമുറ്റത്തും പൂന്തോട്ടത്തിലും വന്നുവീണ പ്രഥമകിരണങ്ങളും ആ പരിസരവും അയാള്‍ക്കെന്തോ അപരിചിതമായിത്തോന്നി. അതിക്രമിച്ചുകടക്കുന്ന ഒരാളുടെ കുറ്റബോധം അയാളുടെ കാലുകളെ പുറകിലേക്ക്‌ വലിച്ചുകൊണ്ടിരുന്നു


(ഒരു ഇംഗ്ലീഷ്‌ കഥയോട്‌ കടപ്പാട്‌)

 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 0 comments
,6:46 pm
റോഡിനു രണ്ടടി മാറി ഒരു കളിസ്ഥലം


ച്ചമയക്കത്തിനൊരുങ്ങുന്ന നിരത്തില്‍ വാഹനങ്ങളുടെ തിരക്ക്‌. ടാറിന്റെ അതിര്‍ത്തിരേഖയില്‍ നിന്ന് ഒരടി മാത്രം മാറി ഇതാ, ഇവിടെയൊരു കളിസ്ഥലമുണ്ട്‌. നാലഞ്ചുവയസ്സുവരുന്ന ഒരു തെരുവുകുട്ടി. ബധിരയും മൂകയുമായ അമ്മയോടൊപ്പം പട്ടണത്തില്‍ അലഞ്ഞുനടക്കുകയും കടവരാന്തകളില്‍ ഉറങ്ങുകയും ചെയ്യുന്നവള്‍. ഇപ്പോള്‍ വിളക്കുകാലിന്റെ ചുവട്ടില്‍ ഏകാന്തഭാഷണങ്ങളും ആഹ്ലാദവുമായി അവള്‍ പൂഴിവാരിക്കളിച്ചുകൊണ്ടിരിക്കുന്നു. അവളുടെമേല്‍ നിഴല്‍വീഴ്ത്തി, അവളെ തൊട്ടുരുമ്മിക്കൊണ്ട്‌ അവളുടെ മുറ്റത്ത്‌ വണ്ടികള്‍ ചീറിപ്പാഞ്ഞുകൊണ്ടിരിക്കുന്നു
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 0 comments
,6:43 pm
ഒറ്റപ്പെട്ട വീട്‌


ചെറിയ വീടിന്റെ മുറ്റത്ത്‌, കൗതകപൂര്‍വം പരിസരം നിരീക്ഷിച്ചുകൊണ്ട്‌ അയല്‍ക്കാര്‍ ആദ്യമായി കയറിച്ചെന്നു. ഒരിക്കലെങ്കിലും ഈ പായല്‍പ്പടികള്‍ ചവിട്ടേണ്ടിവരുമെന്ന് അവര്‍ സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നിട്ടില്ല. അത്‌ അവരെ സംബന്ധിച്ചിടത്തോളം, അത്രയും ദൂരെയും അന്യവുമായിരുന്നു. സമൂഹം ബഹിഷ്കരിച്ച ഒരെണ്ണം.

സാധാരണയായി കുഞ്ഞിന്റെ കരച്ചിലും താരാട്ടും സിനിമാപ്പാട്ടും ശണ്ഠകളും അട്ടഹാസവുംകൊണ്ട്‌ ശബ്ദമുഖരിതമായി കാണപ്പെടാറുള്ള ആ വീട്‌, ചില ദിവസങ്ങളായി ആള്‍പ്പെരുമാറ്റമില്ലാതെ അസ്വാഭാവികമായി അടഞ്ഞുകിടക്കുന്നതാണ്‌ അവരെയെല്ലാം ഉല്‍ക്കണ്ഠപ്പെടുത്തുന്നത്‌. ഒന്നുരണ്ടുദിനം മുമ്പൊരു രാത്രിയില്‍ അവിടെനിന്ന് ഉച്ചത്തിലുള്ള ബഹളവും അലര്‍ച്ചകളും കേള്‍ക്കുകയുണ്ടായിട്ടുണ്ട്‌. അതുമായി, ഇന്നലെമുതല്‍ക്ക്‌ എവിടെനിന്നോ വീശിയടിക്കുന്ന ചീഞ്ഞ മാംസഗന്ധത്തെ ഒത്തുനോക്കാതിരിക്കാന്‍ എങ്ങനെ സാമാന്യയുക്തിക്കു കഴിയും?

വാതില്‍ പുറത്ത്‌ പൂട്ടില്ലാതെ ബന്ധിതമായിരിക്കുന്നതു കണ്ട്‌ അവര്‍ അര്‍ത്ഥവത്തായ നോട്ടങ്ങള്‍ കൈമാറി. ഒന്നുകില്‍ പട്ടിണിമരണം, അല്ലെങ്കില്‍ രക്തക്കറയും ശവങ്ങളും, അവര്‍ക്കത്‌ തീര്‍ച്ചയായി. ഒരേയൊരു മുറി മാത്രമുള്ള ആ വീടിന്റെ ഏക വാതില്‍ അവര്‍ ചവിട്ടിത്തുറന്നു. പൊടുന്നനെ ആ മനുഷ്യരുടെ മൂക്കിലേക്കൊരു സുഗന്ധമടിച്ചുകയറി. ആദ്യത്തെ ജാള്യമടങ്ങിയപ്പോള്‍ ആ മുറിയുടെ വിസ്തൃതിയില്‍ അവരത്‌ കണ്ടു:സമൃദ്ധവും പ്രാകൃതസുന്ദരവുമായ ഒരു പൂന്തോട്ടം.
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 2 comments
,6:39 pm
വീടുകള്‍


റങ്ങേണ്ട ഇടത്തെ, ഒരു ഉപകരണത്തെ ചുവരുകളൂം മേല്‍ക്കൂരയും കൊണ്ട്‌ അലങ്കരിക്കലാണ്‌, വീട്‌.

നടന്നുകയറുന്ന ഈ വീട്‌, ഒരിക്കല്‍ ഇവിടെനിന്നും ആട്ടിയിറക്കപ്പെട്ടു.

പക്ഷിയുടെ കാലുകളില്‍ കുലുങ്ങുന്ന ദുര്‍ബ്ബലമായ ഒരു മരച്ചില്ല.

ഒരിക്കല്‍ ഓടുമേഞ്ഞ ഒരെണ്ണമായിരുന്നു അവന്റെ വീട്‌. പിന്നീട്‌ കുറേനാള്‍ തെരുവും വഴിയമ്പലങ്ങളും. ഒടുവില്‍ ഒരോലക്കുടില്‍. ഇപ്പോളത്‌ കൂറ്റനൊരു ഇരുമ്പുവാതിലിന്റെ കാവല്‍.

അവിചാരിതമായി ചാറ്റല്‍മഴ പെയ്യുമ്പോള്‍ ശിരസ്സിനുമീതെ ഉയര്‍ത്തിപ്പിടിക്കുന്ന കൈത്തലമാണ്‌ വീട്‌.
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 0 comments
,6:31 pm
വീട്‌



കൊടുംവേനലില്‍ ഭൂമിയുരുകുംകാലം ഒരു തുണ്ട്‌ തണലാണ്‌ ഒരു വീട്‌. വര്‍ഷകാലത്ത്‌ ഉണങ്ങിയ ഒരിടം. ശിശിരത്തില്‍ ഒരു കമ്പിളി. ഇരുട്ടുമ്പോള്‍ വിളക്കുള്ള ഒരിടം.


തുറസ്സായ മൈതാനങ്ങളില്‍ ജീവിക്കുന്നവര്‍ക്ക്‌ കല്ലും പൊടിയും മരച്ചുവടും കൊഴിയുന്ന ഇലകളും മഴയും തണുപ്പും മഞ്ഞും ചുഴലിക്കാറ്റും. തെരുവുകളിലുറങ്ങുവോര്‍ക്ക്‌ പൊടുന്നനെയുള്ള മഴയുടെ വരവില്‍ കടവരാന്ത. ചെറ്റക്കുടിലുകള്‍ ഓരോന്നും അതിലെയാളുകളുടെ വീടിനെ ഉള്‍ക്കൊള്ളുന്നുണ്ട്‌. ഒളിവില്‍ പ്രവര്‍ത്തിക്കുന്ന ധീരരായ വിപ്ലവകാരികള്‍ക്ക്‌ സുരക്ഷിതമായ അഭയസങ്കേതം വീടാണ്‌. സമ്പന്നന്‌ വീണ്ടും വീണ്ടും പണിയേണ്ട ഒഴിവുകാല വസതികള്‍. കേവല ആത്മീയവാദികള്‍ക്ക്‌ പുണ്യകേന്ദ്രങ്ങളും കാടും പര്‍വതനെറുകകളും. എങ്കിലും ഇതൊന്നും തന്നെ അതുമാത്രമായി ഒരു വീടാകുന്നേയില്ല. മനുഷ്യന്റെ യഥാര്‍ത്ഥമായ വീട്‌, അത്‌ സംഗീതം വെയിലായി പ്രകാശിപ്പിക്കുന്ന വിജാഗിരികളോടും വാസ്തുശില്‍പകലയുടെ ഏറ്റവും ആധുനികമായ രൂപസൗകുമാര്യത്തോടും പ്രപഞ്ചത്തോളം വൈവിദ്ധ്യം ചാര്‍ത്തുന്ന ഒരു ഒറ്റ വീടാണ്‌.

 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 0 comments
Sunday 6 July, 2008,1:59 pm
കലിജന്മം

സര്‍ജന്‍ കത്തിയെടുത്തതേയുള്ളൂ. അമ്മയുടെ വയര്‍ പിളര്‍ന്നുകൊണ്ട്‌ ശിശു പുറത്തേക്കു ചാടി. ഒരു ബൈക്കിലിരുന്നായിരുന്നു ചാട്ടം. ചാടിയതും തിയേറ്ററിന്റെ കണ്ണാടിവാതിലും തകര്‍ത്തുകൊണ്ട്‌ ഡ്രൂം...എന്ന് പുറത്തേക്കൊരൊറ്റപ്പോക്ക്‌തന്നെ വിഷ്‌ ചെയ്തുകൊണ്ട്‌ ചെത്തിപ്പാഞ്ഞുപോയ മകന്റെ പെര്‍ഫോര്‍മന്‍സ്‌ തരക്കേടില്ലെന്ന് അച്ഛനു തോന്നിയെങ്കിലും അദ്ദേഹം ശകാരപൂര്‍വം വിചാരിച്ചു. ഹെല്‍മറ്റോയില്ല, ഒരു ഷഡ്ഢിപോലുമില്ലാതെയാണല്ലോ ഓന്റെയൊരു...
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 0 comments
Tuesday 1 July, 2008,4:43 pm
വസന്തത്തിന്റെ പാട്ടുകള്‍

ഒരിടത്തല്ല-
ഒരുപാടിടത്ത്‌ ഒരന്ധഗായകന്‍.കുട്ടിക്കാലത്ത്‌ ദേശത്തെ ബസ്‌സ്റ്റേഷനില്‍ ഇദ്ദേഹം പാടിനടന്ന് നാണയങ്ങള്‍ സ്വീകരിച്ചിരുന്നു.(ഒരു കാലന്‍ കുട, എന്നേരവും കൈയ്യില്‍...)

വരികള്‍ തെറ്റുമെങ്കിലും ഈണം ഒരിക്കലും പിശകാറില്ല.അത്‌ ആത്മാവില്‍ നിന്നങ്ങനെ വന്നുകൊണ്ടിരിക്കും.

വര്‍ഷങ്ങള്‍ക്കുശേഷം ഇതാ ആ പാട്ടുകാരന്‍ വീണ്ടും. അന്നത്തെ ഇത്തിരിക്കൂന്‌ ലേശം കൂടി കൂനിയിട്ടുണ്ടെന്നു മാത്രം. ആ കാലന്‍ കുടയുമുണ്ട്‌. എണ്ണയിട്ട്‌ തിളക്കാന്‍ മറന്ന ആ ശബ്ദത്തില്‍ അദേഹം പാടുകയാണ്‌. പണ്ടു പാടിയ അതേ പാട്ടുകള്‍. അതാണെന്നെ ചിന്തിപ്പിച്ചത്‌. എന്താണദ്ദേഹം പുതിയ പാട്ടുകളൊന്നും പാടാത്തത്‌? എവിടെവച്ചാണ്‌ ഈ ഗാനങ്ങളിങ്ങനെ സ്തംഭിച്ചുനിന്നുപോയത്‌?

പിന്നെ അറിഞ്ഞു. അത്‌ ആ മനുഷ്യന്റെ വസന്തത്തിന്റെ പാട്ടുകളാണ്‌.ജീവിതത്തിന്റെ വൈവിധ്യഭരിതമായ സ്വരൂപത്തെ ഉന്മത്തമായി മോഹിക്കുകയും സ്നേഹിക്കുകയും ചെയ്ത കാലത്തിന്റെ വിങ്ങുന്ന തഴമ്പുകളാണത്‌. അതില്‍പ്പിന്നീട്‌ ചലിക്കുകയോ മര്‍മ്മരമുതിര്‍ക്കുകയോ ചെയ്തിട്ടില്ലെന്നതിന്റെ കരുവാളിച്ച ശബ്ദസ്തംഭങ്ങളും.
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 2 comments
,3:50 pm
ശാപം



ഴു ജലത്തില്‍ കുളിച്ചു.
വാസനസോപ്പില്‍ കയ്യും പാത്രങ്ങളും കഴുകിക്കഴുകി കുഴഞ്ഞു.
നാറ്റം പോകുന്നില്ല.
എന്തു ഭംഗിയായിരുന്നു, ആ മല്‍സ്യത്തിന്‌! ഏതു ജലാശയത്തിന്റെ നീലിമയിലാണ്‌ ആ വര്‍ണ്ണരാജി പിറന്നുവീണത്‌? ഇത്രയും രൂക്ഷമായ ദുര്‍ഗന്ധം അതിന്‌ എങ്ങനെ വന്നു?)
തൊടുന്നിടത്തെല്ലാം നാറ്റം.
ചായയില്‍. തൈരില്‍. കിണറില്‍. തൊട്ടിയില്‍... എല്ലാം നാറ്റം... നാറ്റം.
അല്ല, ശാപമാണ്‌....ശാപം.
ഒരു ജീവന്റെ.
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 2 comments
d'SIGN: > aavi & daya