Wednesday 4 November, 2009,11:17 am
ഇരുട്ട്‌


മകന്‍ മുയല്‍ക്കുഞ്ഞുങ്ങളെ പെറ്റ്‌ഷോപ്പിലേക്ക്‌ കൊണ്ടുപോകാന്‍ തയ്യാറെടുക്കുമ്പോള്‍ഓരോരിക്കലും അരങ്ങേറാറുള്ള വിടവാങ്ങല്‍ ചടങ്ങ്‌ നടക്കുകയായിരുന്നു, അന്നും. പുന്നാരം എന്നാണ്‌ അയാളതിനെ വിശേഷിപ്പിച്ചിരുന്നത്‌. ഓരോ മുയല്‍ക്കുഞ്ഞിനെയും എടുത്ത്‌ താലോലിച്ച്‌കണ്ണില്‍ ചേര്‍ത്ത്‌ അയാള്‍ അവരോട്‌ വിട ചൊല്ലി.അനിശ്ചിതത്വത്തിന്റെ കുഞ്ഞുങ്ങളേ, ഏത്‌ ഗഹ്വരത്തിലേക്കാണ്‌ നിങ്ങളുടെ യാത്ര?- ഒരന്തിമോപചാരം പോലായിരുന്നത്‌.അയാള്‍ മുയല്‍ക്കുഞ്ഞുങ്ങളോട്‌ പറഞ്ഞു:അങ്ങു ദൂരെ, ഒരിക്കല്‍ നമ്മള്‍ വീണ്ടും കാണും. നമ്മളെല്ലാം മരിച്ചുപോയതിനുശേഷം ഒരുമിക്കുന്ന ഒരിടത്ത്‌. അവിടെ നമ്മള്‍ വീണ്ടും സന്ധിക്കും.ഒരുപക്ഷേ അന്ന്‌ നമ്മള്‍ തമ്മില്‍ തിരിച്ചറിഞ്ഞെന്നു വരില്ല.അവിടെല്ലാം ഇരുട്ടായിരിക്കും.ഒരുപക്ഷെ ആ ഇരുട്ടുകൂടി ഉണ്ടായിരിക്കില്ല.

 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 0 comments
Monday 2 November, 2009,4:35 pm
സദ്യ



ഞായറാഴ്‌ചകളിലെങ്കിലും തരക്കേടില്ലാത്ത ഒരു സദ്യ ഒരഭിവാജ്യഘടകമല്ലേ എന്ന പര്യാലോചനകള്‍ക്കൊടുവില്‍
അതങ്ങനെതന്നെയെന്ന്‌ തീരുമാനിക്കപ്പെട്ടു.
ഒരു അറുസുവൈ ഉണവ്‌.
ക്ഷണിക്കപ്പെടുന്ന കല്യാണങ്ങള്‍ക്കുപോലും പോകാറില്ല. അഥവാ പോയാല്‍ത്തന്നെ ഊട്ടുപുരയ്‌ക്കുമുന്നിലെ
കയ്യാങ്കളിയില്‍ ക്ഷതമേറ്റാണ്‌ പലപ്പോഴും മടങ്ങുക.
ഇതൊക്കയല്ലാതെ പിന്നെ മറ്റെന്താണ്‌ ജീവിതം...
`കണ്ണീരുപ്പാണോ ഇന്ന്‌ ചേര്‍ത്തത്‌?' പരിപ്പിന്റെ ചോറ്‌ വായില്‍വച്ചതും അയാള്‍ ചോദിച്ചുപോയി.
ചൊകചൊകന്ന മാങ്ങാ അച്ചാറ്‌ നാവില്‍ തൊട്ടപ്പോള്‍ രക്തം ചുവച്ചു.
ചേമ്പ്‌ വേവിച്ചുടച്ച്‌ സ്വാദേറ്റിയ സ്‌പെഷ്യല്‍ അവിയലില്‍ രുചിച്ചത്‌ മസ്‌തിഷ്‌ക്കം....
നിലവിളിച്ചുകൊണ്ടയാള്‍ ചാടിയെണീറ്റു.
പണ്ട്‌ ഉണ്ണാനില്ലാത്തവരെക്കുറിച്ചോര്‍ത്തോര്‍ത്ത്‌ ചോറുരുള വായിലേക്കിടാന്‍ മറന്ന്‌ ഇരുന്നുപോകാറുണ്ടായിരുന്ന
ഊണ്‍വേളകള്‍ എന്തിനോ അയാളപ്പോള്‍ ഓര്‍ത്തു.
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 0 comments
Tuesday 27 October, 2009,4:45 pm
പെണ്ണുകാണല്‍



`മണ്ണെണ്ണയില്‍ നിന്നെരിയുമ്പോള്‍ - നെഞ്ചിനുള്ളിലെ ജ്വാലകള്‍ക്ക്‌ അതിനെക്കാള്‍ തീവ്രതയായിരുന്നതുകൊണ്ട്‌ ഒരിക്കലും അവര്‍ക്ക്‌ പൊള്ളിയിരുന്നില്ലത്രെ!' പെണ്ണുകാണല്‍ സംഘത്തിലെ കാരണവരായ വൃദ്ധന്‍ ശിഥിലമായ തന്റെ കഥനം തുടര്‍ന്നുകൊണ്ടിരുന്നു. `പെണ്‍ഭ്രൂണഹത്യ, ശിശുഹത്യ (തമിഴ്‌നാട്ടിലെ ഉസിലാംപട്ടി ഗ്രാമത്തില്‍ പെണ്‍ശിശുഹത്യയ്‌ക്കെതിരെ കേസെടുക്കുകപോലും ചെയ്യുമായിരുന്നില്ലത്രെ!), മനുഷ്യക്കടത്ത്‌, ചുവന്ന തെരുവ്‌ - ഇങ്ങനെ പല ഏര്‍പ്പാടുകളും അന്ന്‌ നിലവിലുണ്ടായിരുന്നുത്രെ! ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കായി `അമ്മത്തൊട്ടില്‍' എന്നൊരു സമ്പ്രദായം ഗവണ്‍മെന്റുതന്നെ ഏര്‍പ്പെടുത്തിയിരുന്നുപോലും. പെണ്ണിനങ്ങളില്‍ മുട്ടയും പാലും നല്‍കുന്ന പക്ഷികളും മൃഗങ്ങളും മാത്രമേ വ്യാപകമായി വളര്‍ത്തപ്പെട്ടിരുന്നുള്ളൂ....'
ചെറുക്കന്‍ നെടുവീര്‍പ്പിട്ടു.
അതിന്റെ നാനാര്‍ഥങ്ങള്‍ വന്നുതൊട്ട്‌ വഴിയോരത്തെ കാര്‍ത്തികയും കാക്കപ്പൂവുമൊക്കെ വെന്തുപോയി.
``നല്ലവണ്ണം കണ്ടുകൊള്‍ക. ശേഷം ഒരു ഭാഷണത്തിനിടവരരുത്‌'' പെണ്ണച്ഛന്‍ പറഞ്ഞു.
എന്തൊരു ശാലീനസൗന്ദര്യം! ചെറുക്കന്‍ കണ്ടു.
മുലക്കണ്ണ്‌ കവിഞ്ഞൊഴുകിയ നനവ്‌....
അവന്റെ ഏതൊക്കെയോ ഗ്രന്ഥികള്‍ ഒരുമിച്ച്‌ സ്‌ഖലിച്ചുപോയി.
``എത്ര കിട്ടും?''
``ഒരു പത്ത്‌ പതിനൊന്ന്‌ ലിറ്റര്‍. തള്ള വിദേശയിനമാണെന്ന്‌ കൂട്ടിക്കോളൂ.''
``എത്ര തരണം?''
``ക്‌ടാവ്‌ പെണ്ണല്ലേ, ഒറ്റവില. രണ്ടു തന്നാല്‍ ഉറപ്പിക്കാം.''
സുഖദമായ ഒരു മയക്കത്തിലമര്‍ന്ന്‌, അങ്ങകലെയെങ്ങോ നിന്നോണം ചെറുക്കന്‍ കേട്ടുകൊണ്ടിരുന്നു.
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 3 comments
Tuesday 20 October, 2009,6:14 pm
കുടില്‍വീട്‌

കുട്ടിക്ക്‌ ലജ്ജയും അപമാനവും അല്‍ഭുതവുമൊക്കെ തോന്നി. ഈ കുടില്‍വീട്ടില്‍ താന്‍ ട്യൂഷനു വരില്ലെന്ന്‌ ശഠിച്ച്‌ അമര്‍ക്കളമുണ്ടാക്കിയത്‌ സാറെങ്ങനെ അറിഞ്ഞു?
അവനെനോക്കി ചിരിച്ചുകൊണ്ടിരിക്കുകയാണ്‌, സാര്‍......
ഒരുനാള്‍ നീ വരുമ്പൊ നോക്കിക്കോ, ഇത്‌ വലിയൊരു കൊട്ടാരംപോലായിട്ടുണ്ടാവും. സാര്‍ പറഞ്ഞു: ``വൈകാതെ ഞാന്‍ കൃഷ്‌ണനെ കാണാന്‍ പുറപ്പെടുന്നുണ്ട്‌. അകത്ത്‌ അവില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്‌.''
ഉള്ളില്‍ എന്തോ ഇടിക്കുന്ന ശബ്‌ദം എല്ലാവരും കേട്ടു.
എന്താണ്‌...
തനിക്ക്‌ സാറിനോട്‌ ഇഷ്‌ടം തോന്നിത്തുടങ്ങുന്നത്‌ അവിശ്വസനീയതയോടെ കുട്ടി അറിഞ്ഞു.
തനിക്ക്‌ വഴി തെറ്റിയോ.....
അവന്‍ തിരിഞ്ഞും പിരിഞ്ഞും നോക്കി മിഴിച്ചു നിന്നു.
ഇവിടുണ്ടായിരുന്ന സാറിന്റെ വീടെവിടെ?
(അവന്‌ ആ നിമിഷം സാറിന്റെ മുഖം ഒരുനോക്കു കാണാന്‍ കടലുകളോളം പാഞ്ഞുപോയ ഒരാര്‍ത്തി തോന്നി)
ആ കുടില്‍ നിന്നിരുന്നിടത്ത്‌ ഒരു പട്ടാളകേന്ദ്രത്തിന്റേതുപോലെ ഭീതിദമായ ഒരു കൂറ്റന്‍ മതില്‍....
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 0 comments
Friday 14 November, 2008,3:54 pm
മഞ്ഞുകട്ട

അയാള്‍ വായിച്ചുകൊണ്ടിര്‍ക്കുകയായിരുന്ന മുറിയില്‍ കനത്ത എന്തോ വീണുടയുന്ന ഒച്ചകേട്ട്‌ അവര്‍ അങ്ങോട്ടോടി.


അയാള്‍ മുറിയിലുണ്ടായിരുന്നില്ല.നിലത്ത്‌...ജലച്ചീളുകള്‍...


അയാള്‍ തന്റെ ചോക്കിയെന്ന വെളുത്ത മുയലിനെ ഓര്‍ക്കുകയായിരുന്നു.


സാധാരണയായി അവന്‍ ഓര്‍മ്മയിലെത്തുമ്പോള്‍ അതത്രയും അസഹനീയയമാകയാല്‍ അയാള്‍ ഭയന്ന് കൈകള്‍ തലയ്ക്കു വിലങ്ങനെ വച്ച്‌ ദുര്‍ബലമായ ഒരു നിലവിളിയോടെ അതില്‍നിന്നും ഓടിക്കളയുകയാണ്‌ ചെയ്യാറ്‌.


എന്നാലിന്ന് തളര്‍ച്ചപോലെന്തോ ഒന്ന് അയാളെ എറിഞ്ഞിട്ടു.


തീരെ കുഞ്ഞായിരുന്നപ്പോള്‍ കുളിപ്പിക്കുന്നതിനിടെ 'ഡോഗ്‌ ചോക്കലേറ്റ്‌' എന്ന് അവനെ വിശേഷിപ്പിക്കുകയാലാണ്‌ ചോക്കിയെന്ന പേര്‌ അവന്‌ പതിഞ്ഞത്‌. അയാള്‍ ഓര്‍ത്തു.പിന്നെ അറം പറ്റിയതുപോലെ, നിലാവുള്ളൊരു രാത്രിയില്‍ പറമ്പില്‍നിന്ന് കേട്ടുകൊണ്ടിരുന്ന അവന്റെ എല്ലുകള്‍ കടിച്ചുപൊട്ടിക്കുന്ന ഒച്ച...ഒരഗാധ ദുഃഖത്തിന്റെ കോച്ചിപ്പിടിക്കുന്ന ശൈത്യത്തില്‍ അയാള്‍ ഉറഞ്ഞുപോയി.
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 0 comments
Tuesday 23 September, 2008,6:35 pm
അത്‌


രാവുകള്‍ വല്ലാതെ ഭീതിദമായിരിക്കുന്നു. പകല്‍ മിക്കവാറും അവര്‍ ഫ്ലാറ്റിലുണ്ടാവില്ല എന്നതുകൊണ്ട്‌ കുഴപ്പമില്ല. നിശ ഹതാശമായി നഗരത്തിനുമീതെ പറന്നിറങ്ങാന്‍ തുടങ്ങുമ്പോള്‍, എത്തുകയായി അതും... എന്തൊരു നശിച്ച ഗന്ധം!

അവള്‍ക്കാണ്‌ അത്‌ ഏറ്റവും അസഹ്യമായിരുന്നത്‌. മനസ്സിലപ്പോള്‍ കാടുകളുടെ പദയാത്ര തുടങ്ങുകയായി... കുട്ടിക്കാലത്തെ പാലകളുടെ ഗന്ധര്‍വമണമാണോ എന്നായിരുന്നു അയാളുടെ സംശയം. പക്ഷേ, കൂറ്റന്‍ എടുപ്പുകളുടെ ഈ കടലില്‍ എവിടെയാണൊരു പാലമരം?

ഇരുട്ടുവീണുതുടങ്ങുമ്പോള്‍ പതുക്കെപ്പതുക്കെ എവിടെയൊക്കെയോകൂടി നുഴഞ്ഞുകയറി അത്‌ അവരിലേക്ക്‌ പ്രവേശിച്ച്‌ അവരെ തട്ടിമറിച്ച്‌ തളര്‍ത്തിയിടും. എന്താണൊരു പോംവഴി ഈശ്വരാ!

ജാലകപ്പഴുതുകള്‍ ചേര്‍ത്തടച്ചിട്ടും നേരിയ വിടവുകള്‍ പോലും മുദ്രവച്ചിട്ടു അത്‌...

ഒടുവിലയാള്‍ എവിടെനിന്നോ കുറെ വെള്ളുള്ളിപ്പൂക്കള്‍ സംഘടിപ്പിച്ചുകൊണ്ടുവന്നു. എന്നും അവ ജാലകപ്പടികളില്‍ സൂക്ഷിച്ചു. അദ്ഭുതമെന്നേ പറയേണ്ടൂ, അതോടെ ആ ഗന്ധത്തിന്റെ ബാധ എന്നെന്നേക്കുമായി അവരെ ഒഴിഞ്ഞുപോയി

--അവരുടെ തന്നെ പ്രണയം.
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 0 comments
Monday 1 September, 2008,2:30 pm
malayaLam font
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 0 comments
d'SIGN: > aavi & daya