
ഓടുന്നവര്ക്കിടയില്നിന്നും ഒരു ചേലത്തുമ്പ് അദ്ഭുതാകാരംപൂണ്ട് ഓര്‍ബിറ്റിലേയ്ക്ക് പൊങ്ങിപ്പറന്നുവന്ന് ക്യാമറക്കണ്ണിലിടിച്ചു.പുളിച്ച അഴുക്കുമണം.
ഉപഗ്രഹത്തിന് മനംപുരട്ടിക്കൊണ്ടുവന്നു.
നാടന്‍ശീലുകളുടെ മാഞ്ഞുമാഞ്ഞു പോകുന്ന ആരോഹണാവരോഹണങ്ങള്‍, തുഷാരങ്ങള്‍ പൂക്കുന്ന പുലര്‍കാലത്തണുപ്പ്, ഉദയാസ്തമയ ഭംഗികളുടെ കളര്‍ ഫ്രെയിമുകള്‍, മേയുന്ന കാലിക്കൂട്ടങ്ങളുടെ പാലുമണക്കുന്ന ശാന്തത, നിലാവിന്റെ കുടിലുകള്‍...എല്ലാം ഓടുകയാണ്.
പണ്ട് ഇക്കൂട്ടര്‍ വീമ്പടിച്ചിരുന്നത്, ഇവരാല്‍ നഗരങ്ങള്‍ വളയപ്പെടുമെന്നാണ്.
ഇപ്പോള്‍ ഇതാ, അതേ നഗരത്തിന്റെ അടിയിലും പൊടിയിലും ചകിതമായി ഗ്രാമം മൂടുംപറിച്ച് ഓടിക്കൊണ്ടിരിക്കുന്നു.
പഠേ!
എന്താണ് സംഭവിച്ചതെന്നു വ്യക്തമല്ല.ഗ്രാമശരീരം തിരിഞ്ഞുനില്‍ക്കുന്നതും ആകാശത്തുനിന്നും വര്‍ണമിനുങ്ങുകള്‍പോലെന്തോ അതിനുമേല്‍ തിളങ്ങി വീണുകൊണ്ടിരിക്കുന്നതുമാണ് ഇപ്പോള്‍ കാണാവുന്നത്.