Tuesday 27 October, 2009,4:45 pm
പെണ്ണുകാണല്‍



`മണ്ണെണ്ണയില്‍ നിന്നെരിയുമ്പോള്‍ - നെഞ്ചിനുള്ളിലെ ജ്വാലകള്‍ക്ക്‌ അതിനെക്കാള്‍ തീവ്രതയായിരുന്നതുകൊണ്ട്‌ ഒരിക്കലും അവര്‍ക്ക്‌ പൊള്ളിയിരുന്നില്ലത്രെ!' പെണ്ണുകാണല്‍ സംഘത്തിലെ കാരണവരായ വൃദ്ധന്‍ ശിഥിലമായ തന്റെ കഥനം തുടര്‍ന്നുകൊണ്ടിരുന്നു. `പെണ്‍ഭ്രൂണഹത്യ, ശിശുഹത്യ (തമിഴ്‌നാട്ടിലെ ഉസിലാംപട്ടി ഗ്രാമത്തില്‍ പെണ്‍ശിശുഹത്യയ്‌ക്കെതിരെ കേസെടുക്കുകപോലും ചെയ്യുമായിരുന്നില്ലത്രെ!), മനുഷ്യക്കടത്ത്‌, ചുവന്ന തെരുവ്‌ - ഇങ്ങനെ പല ഏര്‍പ്പാടുകളും അന്ന്‌ നിലവിലുണ്ടായിരുന്നുത്രെ! ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കായി `അമ്മത്തൊട്ടില്‍' എന്നൊരു സമ്പ്രദായം ഗവണ്‍മെന്റുതന്നെ ഏര്‍പ്പെടുത്തിയിരുന്നുപോലും. പെണ്ണിനങ്ങളില്‍ മുട്ടയും പാലും നല്‍കുന്ന പക്ഷികളും മൃഗങ്ങളും മാത്രമേ വ്യാപകമായി വളര്‍ത്തപ്പെട്ടിരുന്നുള്ളൂ....'
ചെറുക്കന്‍ നെടുവീര്‍പ്പിട്ടു.
അതിന്റെ നാനാര്‍ഥങ്ങള്‍ വന്നുതൊട്ട്‌ വഴിയോരത്തെ കാര്‍ത്തികയും കാക്കപ്പൂവുമൊക്കെ വെന്തുപോയി.
``നല്ലവണ്ണം കണ്ടുകൊള്‍ക. ശേഷം ഒരു ഭാഷണത്തിനിടവരരുത്‌'' പെണ്ണച്ഛന്‍ പറഞ്ഞു.
എന്തൊരു ശാലീനസൗന്ദര്യം! ചെറുക്കന്‍ കണ്ടു.
മുലക്കണ്ണ്‌ കവിഞ്ഞൊഴുകിയ നനവ്‌....
അവന്റെ ഏതൊക്കെയോ ഗ്രന്ഥികള്‍ ഒരുമിച്ച്‌ സ്‌ഖലിച്ചുപോയി.
``എത്ര കിട്ടും?''
``ഒരു പത്ത്‌ പതിനൊന്ന്‌ ലിറ്റര്‍. തള്ള വിദേശയിനമാണെന്ന്‌ കൂട്ടിക്കോളൂ.''
``എത്ര തരണം?''
``ക്‌ടാവ്‌ പെണ്ണല്ലേ, ഒറ്റവില. രണ്ടു തന്നാല്‍ ഉറപ്പിക്കാം.''
സുഖദമായ ഒരു മയക്കത്തിലമര്‍ന്ന്‌, അങ്ങകലെയെങ്ങോ നിന്നോണം ചെറുക്കന്‍ കേട്ടുകൊണ്ടിരുന്നു.
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 3 comments
Tuesday 20 October, 2009,6:14 pm
കുടില്‍വീട്‌

കുട്ടിക്ക്‌ ലജ്ജയും അപമാനവും അല്‍ഭുതവുമൊക്കെ തോന്നി. ഈ കുടില്‍വീട്ടില്‍ താന്‍ ട്യൂഷനു വരില്ലെന്ന്‌ ശഠിച്ച്‌ അമര്‍ക്കളമുണ്ടാക്കിയത്‌ സാറെങ്ങനെ അറിഞ്ഞു?
അവനെനോക്കി ചിരിച്ചുകൊണ്ടിരിക്കുകയാണ്‌, സാര്‍......
ഒരുനാള്‍ നീ വരുമ്പൊ നോക്കിക്കോ, ഇത്‌ വലിയൊരു കൊട്ടാരംപോലായിട്ടുണ്ടാവും. സാര്‍ പറഞ്ഞു: ``വൈകാതെ ഞാന്‍ കൃഷ്‌ണനെ കാണാന്‍ പുറപ്പെടുന്നുണ്ട്‌. അകത്ത്‌ അവില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്‌.''
ഉള്ളില്‍ എന്തോ ഇടിക്കുന്ന ശബ്‌ദം എല്ലാവരും കേട്ടു.
എന്താണ്‌...
തനിക്ക്‌ സാറിനോട്‌ ഇഷ്‌ടം തോന്നിത്തുടങ്ങുന്നത്‌ അവിശ്വസനീയതയോടെ കുട്ടി അറിഞ്ഞു.
തനിക്ക്‌ വഴി തെറ്റിയോ.....
അവന്‍ തിരിഞ്ഞും പിരിഞ്ഞും നോക്കി മിഴിച്ചു നിന്നു.
ഇവിടുണ്ടായിരുന്ന സാറിന്റെ വീടെവിടെ?
(അവന്‌ ആ നിമിഷം സാറിന്റെ മുഖം ഒരുനോക്കു കാണാന്‍ കടലുകളോളം പാഞ്ഞുപോയ ഒരാര്‍ത്തി തോന്നി)
ആ കുടില്‍ നിന്നിരുന്നിടത്ത്‌ ഒരു പട്ടാളകേന്ദ്രത്തിന്റേതുപോലെ ഭീതിദമായ ഒരു കൂറ്റന്‍ മതില്‍....
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 0 comments
d'SIGN: > aavi & daya