Tuesday 1 July, 2008,4:43 pm
വസന്തത്തിന്റെ പാട്ടുകള്‍

ഒരിടത്തല്ല-
ഒരുപാടിടത്ത്‌ ഒരന്ധഗായകന്‍.കുട്ടിക്കാലത്ത്‌ ദേശത്തെ ബസ്‌സ്റ്റേഷനില്‍ ഇദ്ദേഹം പാടിനടന്ന് നാണയങ്ങള്‍ സ്വീകരിച്ചിരുന്നു.(ഒരു കാലന്‍ കുട, എന്നേരവും കൈയ്യില്‍...)

വരികള്‍ തെറ്റുമെങ്കിലും ഈണം ഒരിക്കലും പിശകാറില്ല.അത്‌ ആത്മാവില്‍ നിന്നങ്ങനെ വന്നുകൊണ്ടിരിക്കും.

വര്‍ഷങ്ങള്‍ക്കുശേഷം ഇതാ ആ പാട്ടുകാരന്‍ വീണ്ടും. അന്നത്തെ ഇത്തിരിക്കൂന്‌ ലേശം കൂടി കൂനിയിട്ടുണ്ടെന്നു മാത്രം. ആ കാലന്‍ കുടയുമുണ്ട്‌. എണ്ണയിട്ട്‌ തിളക്കാന്‍ മറന്ന ആ ശബ്ദത്തില്‍ അദേഹം പാടുകയാണ്‌. പണ്ടു പാടിയ അതേ പാട്ടുകള്‍. അതാണെന്നെ ചിന്തിപ്പിച്ചത്‌. എന്താണദ്ദേഹം പുതിയ പാട്ടുകളൊന്നും പാടാത്തത്‌? എവിടെവച്ചാണ്‌ ഈ ഗാനങ്ങളിങ്ങനെ സ്തംഭിച്ചുനിന്നുപോയത്‌?

പിന്നെ അറിഞ്ഞു. അത്‌ ആ മനുഷ്യന്റെ വസന്തത്തിന്റെ പാട്ടുകളാണ്‌.ജീവിതത്തിന്റെ വൈവിധ്യഭരിതമായ സ്വരൂപത്തെ ഉന്മത്തമായി മോഹിക്കുകയും സ്നേഹിക്കുകയും ചെയ്ത കാലത്തിന്റെ വിങ്ങുന്ന തഴമ്പുകളാണത്‌. അതില്‍പ്പിന്നീട്‌ ചലിക്കുകയോ മര്‍മ്മരമുതിര്‍ക്കുകയോ ചെയ്തിട്ടില്ലെന്നതിന്റെ കരുവാളിച്ച ശബ്ദസ്തംഭങ്ങളും.
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink |


2 Comments:


  • At Wednesday, July 02, 2008, Blogger ബൈജു (Baiju)

    അതേ, അദ്ദേഹത്തെപ്പോലെ നമുക്കുമോര്‍ക്കാനുണ്ട് നമ്മുടേതായ വസന്തഗീതങ്ങള്‍, ആത്മഗാനങ്ങള്‍.....

     
  • At Wednesday, July 02, 2008, Blogger siva // ശിവ

    ഇനിയെപ്പോഴെങ്കിലും തിരികെ വരുമോ പാടുകളുടെ ആ വസന്തകാലം?

    സസ്നേഹം,

    ശിവ

     
d'SIGN: > aavi & daya