Saturday 14 June, 2008,5:57 pm
സ്വപ്നബാല്യം

ഞ്ഞയരളിയും കാര്‍ത്തികയും വിരിഞ്ഞ ബാല്യത്തിന്റെ ഒറ്റയടിപ്പാതയിലേക്ക്‌ മടങ്ങിച്ചെന്ന്, സ്ലേറ്റും പുസ്തകവും അമ്മയൊരുക്കിത്തന്ന പുതുമയും ഉണര്‍വ്വുമായി, കൂട്ടുകാരുമൊത്ത്‌ ശബ്ദഘോഷങ്ങളോടെ പള്ളിക്കൂടത്തിലേക്കു പോകുന്നത്‌ ഇന്നലെ ഞാന്‍ സ്വപ്നം കണ്ടു.


വേനലവധി കഴിഞ്ഞുള്ള സ്കൂള്‍ തുറപ്പാണ്‌. പുസ്തകങ്ങളുടെയും പുത്തനുടുപ്പുകളുടെയും ഗന്ധവും നാണിച്ചും പരുങ്ങിയും ചില പുതുമുഖങ്ങളും ക്ലാസ്സിലുണ്ട്‌. ദാനിയേല്‍ സാര്‍ പാഠപുസ്തകത്തിലെ പ്രതിജ്ഞ വായിപ്പിക്കുന്നേരം ഞാനെണീറ്റ്‌ ചില സംശയങ്ങളുന്നയിക്കുകയും ആ വിയോജിപ്പിന്റെ ദേഷ്യം ചുമരുകളിലും മതിലുകളിലുമൊക്കെ എഴുതിവയ്ക്കുകയും ചെയ്തു.


സ്വാതന്ത്ര്യ ദിനാഘോഷവും (അത്‌ ആഗസ്റ്റ്‌ പതിനഞ്ചിനായിരുന്നില്ല) അതിനോടനുബന്ധിച്ചുള്ള ഘോഷയാത്രയും. മരച്ചില്ലകളും പൂങ്കുലകളുമൊക്കെയാണ്‌ ഞങ്ങള്‍ കൊടികളായി ഉയര്‍ത്തിപ്പിടിച്ചിരുന്നത്‌. അവയെച്ചുറ്റി ശലഭങ്ങള്‍ പാറിയിരുന്നു. പക്ഷികളും മുയലും പുള്ളിപ്പുലിയും കരിവീരനും സ്വാതന്ത്ര്യഗീതവും പാടി മുന്‍നിരയില്‍ മാര്‍ച്ചുചെയ്തുകൊണ്ടിരുന്നു. സൂര്യനക്കരെ, മറ്റൊരു നക്ഷത്രത്തിന്റെ ഓമല്‍ധരയില്‍ പ്രഥമ നിമിഷങ്ങളിലേക്ക്‌ ജനിച്ചുവീണ ശിശുവിനായിരുന്നു ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിച്ചിരുന്നത്‌.
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink |


2 Comments:


  • At Saturday, June 14, 2008, Blogger കുഞ്ഞന്‍

    നടരാജന്‍ മാഷെ..

    ഇനിയൊരു ബാല്യം നമുക്ക് ലഭിക്കുമൊ..ലഭിച്ചാല്‍ത്തന്നെ എല്ലാം ആര്‍ട്ടിഫിഷലായിരിക്കും അല്ലെ.. മുയലും പുഴയും ശലഭവും മലയും എല്ലാം ഇനി സ്വപ്നത്തില്‍ മാത്രം..!

     
  • At Saturday, June 14, 2008, Blogger siva // ശിവ

    ഈ ഓര്‍മ്മകളും സ്വപ്നവും നന്നായി...

     
d'SIGN: > aavi & daya