
ഒരു ചീഞ്ഞ മണം ശവം സൂക്ഷിപ്പുകാരനെപ്പോലെ കാന്റീനില്‍ കറങ്ങിനടന്നുകൊണ്ടിരുന്നു.
താടിക്കാരന്‍ മുഖമടുപ്പിച്ചു. "ഡോക്റ്റര്‍, ഡയറക്റ്റായിത്തന്നെ പറഞ്ഞേക്കാം. ആ ശവത്തെ പഠിക്കുമ്പോള്‍ താങ്കള്‍ ഇത്രമാത്രം ചെയ്യുക. നിരന്തരം കോടതികളില്‍ കയറിയിറങ്ങി ഒറ്റയാള്‍പ്പോരാട്ടം നടത്താന്‍ അയാളെ പ്രേരിപ്പിച്ച രസതന്ത്രമെന്ത്? നമുക്കില്ലാത്ത എന്തൊന്നാണ് അയാള്‍ക്ക്..."
പെട്ടെന്നയാള്‍ പുറകിലേക്ക് ചാഞ്ഞു.
"ശവം മറവുചെയ്തുകഴിഞ്ഞുവെന്നോ!"
ഇപ്പോള്‍ അലക്കിത്തേച്ചതുപോലൈരുന്ന ശുഭ്രമണിയന്‍ ഞെട്ടി. ഉടനെ മലക്കം മറിഞ്ഞ് സമനില വീണ്ടെടുത്തു. "ഡോക്റ്റര്‍, ശവക്കുഴി തോണ്ടിയും നിഗമങ്ങള്‍ രൂപപ്പെടുത്താനാവുകയില്ലേ? അവന്‍ ഞങ്ങളെ കുറേ വെള്ളംകുടിപ്പിച്ചതാണ്. അവന്റെ ആ നശിച്ച നീതിബോധത്തിന്റെ ഗുട്ടന്‍സെന്ത്? അതു മനസ്സിലാക്കിയാല്‍ നാം ജയിച്ചു. നിര്‍ബന്ധിത പ്രി-നാറ്റല്‍ ടെസ്റ്റുകളിലൂടെ മുളയിലേ...."
അയാള്‍ പല്ലിറുമ്മുന്നത് ഡിജിറ്റല്‍ ക്വാളിറ്റിയില്‍ ഉറക്കെ കേട്ടു.
അതേ സമയം മെഡിക്കല്‍ക്കോളേജ് സെമിത്തേരിയുടെ മതിലു ചാടി ചില ഇരുണ്ട രൂപങ്ങള്‍ പതുങ്ങിപ്പതുങ്ങി നീങ്ങാന്‍ തുടങ്ങി.