
നല്ല പ്രകാശമുള്ള പകലുകളെ അയാളെന്നും ഇഷ്ടപ്പെടുന്നു. പറമ്പിലെ ചാമ്പവരിക്ക മാവിന്റെ തണലില്‍ കസേരയെടുത്തിട്ടിരുന്നു. പാതിവായിച്ച് മടക്കിവച്ചിരുന്ന നോവല്‍ നിവര്‍ത്തി. അപ്പോള്‍ കാറ്റ് വീശാന്‍ തുടങ്ങി. സുഗന്ധവാഹിയായ ചിങ്ങക്കാറ്റ്. അയാള്‍ നോവല്‍ മടക്കിവച്ചിട്ട് കാറ്റേറ്റ് സുഖിച്ചിരുന്നു. അപ്പോഴയാള്‍ക്ക് കാറ്റിനോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി. ജീവിതത്തിലാദ്യമായി അയാള്‍ കാറ്റിനെക്കുറിച്ച് ചിന്തിച്ചു. കാറ്റിന്റെ ഉറവിടത്തെക്കുറിച്ചും വഴികളെക്കുറിച്ചും കവിയെപ്പൊലെ ഓര്‍ത്തു.
കാറ്റ് ആഞ്ഞുവീശുന്നു. മരങ്ങളിലും ചെടികളിലും പൊട്ടിച്ചിരിക്കുന്നു. അയാള്‍ എല്ലാം ഉള്‍ക്കുളിരോടെ നോക്കിയിരുന്നു. ഇതുപോലെ കാറ്റുവീശുന്നൊരു ദിവസം ഇങ്ങനെയിരുന്ന് മരിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് അയാള്‍ ആശിച്ചു. അപ്പോഴാണതു കണ്ടത്! കുറെ ദിവസങ്ങള്‍ക്കുമുമ്പ് നട്ട തെങ്ങിന്‍ തൈകള്‍ കാറ്റില്‍പ്പെട്ട് ചുവടോടെ ഉലയുന്നു. "മണ്ണിലിറങ്ങിയ ഇളവേരുകള്‍ പൊട്ടിപ്പോകുമല്ലോ ഇങ്ങനെയുലഞ്ഞാല്‍
അയാള്‍ കുതിച്ചെണീറ്റു. മാവിന്റെ ചുവട്ടിലടുക്കി വച്ചിരുന്ന മരച്ചീനിക്കമ്പുകളെടുത്ത് പെട്ടെന്ന് പെട്ടെന്ന് ഊന്നുകൊടുക്കാന്‍ തുടങ്ങി. അപ്പോഴും കാറ്റ് വീശിക്കൊണ്ടിരുന്നു; മരങ്ങളെയും ചെടികളെയും പിടിച്ച് കുലുക്കിക്കൊണ്ട്. അയാള്‍ അരിശത്തോടെ പിറിപിറുത്തു:"നാശം..."
good .....