Tuesday 24 June, 2008,7:54 pm
ചുടലപ്പുക


ചെല്ലയ്യന്‍ നാടാര്‍ പാമ്പുകടിയേറ്റു മരിച്ചു. പാല്‍പ്പാണ്ടിയുടെ അപ്പ. പാല്‍പ്പാണ്ടിയുടെ ചിത്തപ്പാവാണ്‌ അവനെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോകന്‍ വന്നത്‌. പാവം, ഇത്ര കൊച്ചിലേ അവന്‌ അച്ഛനില്ലാതായല്ലോ. പള്ളിക്കൂടത്തില്‍നിന്നിറങ്ങുമ്പോള്‍ അവന്‍ വിങ്ങിവിങ്ങി കരഞ്ഞിരുന്നു.

പള്ളിക്കൂടം വിട്ട്‌ അണ്ണനോടും കൂട്ടുകാരോടുമൊന്നിച്ച്‌ നടേശന്‍ പടികളിറങ്ങുകയായിരുന്നു. റോഡിലെത്തിയപ്പോള്‍ അണ്ണന്‍ അവനെ വിളിച്ചുമാറ്റിനിര്‍ത്തി. "ഞാന്‍ കമ്പനിക്കടയില്‌ ചെന്നിട്ട്‌ വേഗം വരാം. നീ ഇശക്കിയമ്മന്‍ കോവിലിനടുത്ത്‌ ചെന്നുനില്ല്‌ . എന്തിന്‌ ചുമ്മാ നടക്കണ്‌" നടേശന്‍ തലകുലുക്കി.

0പുസ്തകങ്ങള്‍ക്കുള്ളില്‍ മടക്കിവച്ചിരുന്ന സഞ്ചിയെടുത്തുകൊണ്ട്‌ അണ്ണന്‍ കമ്പനിക്കടയിലേക്കും അവന്റെയും അണ്ണന്റെയും പുസ്തകം നെഞ്ചോട്‌ ചേര്‍ത്തുപിടിച്ചുകൊണ്ട്‌ നടേശന്‍ അവന്റെ വഴിയിലേക്കും നടന്നു.

മഴക്കാലം. നനഞ്ഞുകിടക്കുന്ന കാടുകള്‍. കുളിര്‌ നിശ്വസിച്ചുകൊണ്ട്‌ ഒഴുകിയലയുന്ന മൂടല്‍മഞ്ഞ്‌. കൊക്കയിലെ ആറ്റില്‍ ചായയുടെ നിറത്തില്‍ മലവെള്ളം ഇരമ്പുന്നു.

മീന്‍ പിടിക്കാന്‍ പോയപ്പോഴാണ്‌ പാല്‍പ്പാണ്ടിയുടെ അപ്പാവെ പാമ്പുകടിച്ചത്‌. കരിഞ്ചാത്തിയാണ്‌. ചത്തവന്റെ ചുടലപ്പുക കണ്ടിട്ടേ അടങ്ങൂ. അതുവരെ ഏതെങ്കിലും പൊക്കമുള്ള മരത്തിന്റെ കൊമ്പില്‍ ചുറ്റിക്കിടക്കും...


ചുടലപ്പുകയ്ക്ക്‌ എന്തിന്റെ നിറമായിരിക്കും? ഈ മൂടല്‍മഞ്ഞിന്റേതാവുമോ?

പാത കണ്ല്‍നിന്നു മറയുന്ന അകലെയുള്ള തിരിവിലേക്ക്‌ നടേശന്‍ നോക്കി. പൊന്നുവോ നീലാണ്ടനോ പോകുന്നുണ്ടോ? ഇല്ല. അവന്‌ പരിഭവവും സങ്കടവും തോന്നി. എങ്കിലും അവര്‍ അല്‍പനേരം കാത്തില്ലല്ലോ..

നടേശന്‍ 'പൂമര'ത്തിനടുത്തെത്തി. ഇപ്പോള്‍ പൂമരത്തെ പേടിയൊന്നുമില്ലെങ്കിലും കടന്നുപോകുമ്പോള്‍ അവനങ്ങോട്ടു നോക്കിയില്ല. നെഴ്‌സമ്മയുടെ ബംഗ്ലാവിനടുത്തുവച്ച്‌ ആശുപത്രിയിലേക്ക്‌ തിരിഞ്ഞു. ആശുപത്രിയും പരിസരങ്ങളും വിജനമായിക്കിടന്നു. ഇന്നെന്തേ ഇങ്ങനെയെന്നവന്‍ ഓര്‍ത്തു. ഒറ്റപ്പെട്ടുനില്‍ക്കുന്ന, വസൂരിരോഗികളെ കിടത്താറുള്ള പച്ചച്ചായമടിച്ച കെട്ടിടത്തിലേക്ക്‌ നോക്കിയില്ല. ചിലപ്പോള്‍ രോഗികളുണ്ടാവും. നോക്കിയാല്‍ വസൂരി വരും.ആശുപത്രിവളപ്പില്‍ നിന്നും സിമന്റുപടികളിറങ്ങി, കമ്പനിക്കടയുടെ മുന്നിലൂടെ കടന്നുവരുന്ന പുല്ലുപിടിച്ച റോഡില്‍, ഇശക്കിയമ്മന്‍ കോവിലിനടുത്ത്‌ നടേശന്‍ അണ്ണനെ കാത്തുനിന്നു. ഇശക്കിയമ്മനെ ചവിട്ടിയ ഷൗക്കത്തിനെ എന്തിനോ അവനപ്പോള്‍ ഓര്‍ത്തു. കാലുകളഴുകിയാണയാള്‍ ചത്തത്‌.

റോഡില്‍ അവിടവിടെനിന്ന് ഊറ്റുകള്‍ പൊട്ടിയൊഴുകുന്നു. തേയിലക്കാടുക്കള്‍ക്കുമീതെ പറന്നുചെന്ന് ആശുപത്രിക്കെട്ടിടങ്ങളെ പിടിച്ചു വിഴുങ്ങിക്കൊണ്ട്‌ മരങ്ങളില്‍ പറ്റിപ്പിടിച്ചുകയറുന്ന മൂടല്‍മഞ്ഞ്‌.

റോഡരികിലെ ചെരിവില്‍ രണ്ടായി പിളര്‍ന്നു നില്‍ക്കുന്ന പാറ നടേശനപ്പോള്‍ കണ്ടു. പിളര്‍പ്പില്‍നിന്നും ഒരാല്‍മരം വളര്‍ന്നു വന്നിരിക്കുന്നു. ഒരു മനുഷ്യനാണത്‌-ഒരു പാറവെടിവെപ്പുകാരന്‍. അയാള്‍ ആ പാറ പൊട്ടിക്കാന്‍ പോകുമ്പോള്‍ ഒരു സര്‍പ്പം വഴിമറിച്ച്‌ പോകരുതെന്ന് വിലക്കിയതാണ്‌. സാരമാക്കാതെ അയാള്‍ പോയി. തമരടിക്കുമ്പോള്‍ പാറ പിളര്‍ന്നുവീണ്‌ മരിച്ചു.
അണ്ണന്‍ കമ്പനിക്കടയിലെന്തു ചെയ്യുന്നു? നേരം വൈകുന്നല്ലോ.

എവിടെനിന്നെല്ലാമോ പടര്‍ന്നുപിടിച്ച്‌ മഞ്ഞ്‌ എല്ലാറ്റിനേയും കീഴടക്കിയിരിക്കുന്നു. ചുറ്റും നിന്ന് പാഞ്ഞടുക്കുന്ന മഞ്ഞിന്റെ പത്തികള്‍.

അവനെന്തോ പേടിതോന്നി.

കാറ്റാടിമരത്തിന്റെ ഒരിലയോ ആകാശത്തിന്റെ ഒരു കഷ്ണമോ കാണാനില്ല. നോക്കുന്നിടത്തെല്ലാം വെളുപ്പ്‌. മഞ്ഞ്‌. അല്ലാതെ അവന്‍ മാത്രമുണ്ട്‌.

ഭീതി വളര്‍ന്നു.അണ്ണന്‍ ഇനിയും വരാത്തതെന്ത്‌?

ആശുപത്രിക്കെട്ടിടങ്ങള്‍ ഒന്നു കാണാന്‍ കഴിഞ്ഞെങ്കില്‍... അവന്റെ മനസ്സു കൊതിച്ചു. വസൂരിരോഗികളുടെ ആ പച്ചക്കെട്ടിടമെങ്കിലും...

മൂടല്‍മഞ്ഞിന്റെ സ്പര്‍ശം കൂടുതലനുഭവപ്പെടാന്‍ തുടങ്ങി.

ഇനി താമസമില്ല. മഞ്ഞ്‌ അവനിലേക്കും പടരും. ഇതാ ഇപ്പോള്‍...ഇതാ...

അണ്ണന്‍ ഇനി വരില്ല. അവന്‍ മഞ്ഞിലേക്കു നടന്നു.
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink |


1 Comments:


  • At Wednesday, June 25, 2008, Blogger siva // ശിവ

    സുന്ദരമായ ബോണക്കാട് കാണണമെന്ന് അതിയായ ആഗ്രഹം ഉണ്ട്....വിശദവികരങ്ങള്‍ തരാമോ?

    സസ്നേഹം,

    ശിവ.

     
d'SIGN: > aavi & daya