
ആ ചെറിയ വീടിന്റെ മുറ്റത്ത്, കൗതകപൂര്‍വം പരിസരം നിരീക്ഷിച്ചുകൊണ്ട് അയല്‍ക്കാര്‍ ആദ്യമായി കയറിച്ചെന്നു. ഒരിക്കലെങ്കിലും ഈ പായല്‍പ്പടികള്‍ ചവിട്ടേണ്ടിവരുമെന്ന് അവര്‍ സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നിട്ടില്ല. അത് അവരെ സംബന്ധിച്ചിടത്തോളം, അത്രയും ദൂരെയും അന്യവുമായിരുന്നു. സമൂഹം ബഹിഷ്കരിച്ച ഒരെണ്ണം.
സാധാരണയായി കുഞ്ഞിന്റെ കരച്ചിലും താരാട്ടും സിനിമാപ്പാട്ടും ശണ്ഠകളും അട്ടഹാസവുംകൊണ്ട് ശബ്ദമുഖരിതമായി കാണപ്പെടാറുള്ള ആ വീട്, ചില ദിവസങ്ങളായി ആള്‍പ്പെരുമാറ്റമില്ലാതെ അസ്വാഭാവികമായി അടഞ്ഞുകിടക്കുന്നതാണ് അവരെയെല്ലാം ഉല്‍ക്കണ്ഠപ്പെടുത്തുന്നത്. ഒന്നുരണ്ടുദിനം മുമ്പൊരു രാത്രിയില്‍ അവിടെനിന്ന് ഉച്ചത്തിലുള്ള ബഹളവും അലര്‍ച്ചകളും കേള്‍ക്കുകയുണ്ടായിട്ടുണ്ട്. അതുമായി, ഇന്നലെമുതല്‍ക്ക് എവിടെനിന്നോ വീശിയടിക്കുന്ന ചീഞ്ഞ മാംസഗന്ധത്തെ ഒത്തുനോക്കാതിരിക്കാന്‍ എങ്ങനെ സാമാന്യയുക്തിക്കു കഴിയും?
വാതില്‍ പുറത്ത് പൂട്ടില്ലാതെ ബന്ധിതമായിരിക്കുന്നതു കണ്ട് അവര്‍ അര്‍ത്ഥവത്തായ നോട്ടങ്ങള്‍ കൈമാറി. ഒന്നുകില്‍ പട്ടിണിമരണം, അല്ലെങ്കില്‍ രക്തക്കറയും ശവങ്ങളും, അവര്‍ക്കത് തീര്‍ച്ചയായി. ഒരേയൊരു മുറി മാത്രമുള്ള ആ വീടിന്റെ ഏക വാതില്‍ അവര്‍ ചവിട്ടിത്തുറന്നു. പൊടുന്നനെ ആ മനുഷ്യരുടെ മൂക്കിലേക്കൊരു സുഗന്ധമടിച്ചുകയറി. ആദ്യത്തെ ജാള്യമടങ്ങിയപ്പോള്‍ ആ മുറിയുടെ വിസ്തൃതിയില്‍ അവരത് കണ്ടു:സമൃദ്ധവും പ്രാകൃതസുന്ദരവുമായ ഒരു പൂന്തോട്ടം.
മുന്‍വിധികള്‍ സത്യമാകണമെന്നില്ലല്ലൊ