
ഉച്ചമയക്കത്തിനൊരുങ്ങുന്ന നിരത്തില്‍ വാഹനങ്ങളുടെ തിരക്ക്. ടാറിന്റെ അതിര്‍ത്തിരേഖയില്‍ നിന്ന് ഒരടി മാത്രം മാറി ഇതാ, ഇവിടെയൊരു കളിസ്ഥലമുണ്ട്. നാലഞ്ചുവയസ്സുവരുന്ന ഒരു തെരുവുകുട്ടി. ബധിരയും മൂകയുമായ അമ്മയോടൊപ്പം പട്ടണത്തില്‍ അലഞ്ഞുനടക്കുകയും കടവരാന്തകളില്‍ ഉറങ്ങുകയും ചെയ്യുന്നവള്‍. ഇപ്പോള്‍ വിളക്കുകാലിന്റെ ചുവട്ടില്‍ ഏകാന്തഭാഷണങ്ങളും ആഹ്ലാദവുമായി അവള്‍ പൂഴിവാരിക്കളിച്ചുകൊണ്ടിരിക്കുന്നു. അവളുടെമേല്‍ നിഴല്‍വീഴ്ത്തി, അവളെ തൊട്ടുരുമ്മിക്കൊണ്ട് അവളുടെ മുറ്റത്ത് വണ്ടികള്‍ ചീറിപ്പാഞ്ഞുകൊണ്ടിരിക്കുന്നു