Saturday, 28 June 2008,11:23 am
ബില്‍ഡിംഗ്‌

സായാഹ്ന നടത്തത്തിനറങ്ങിയ അയാള്‍ ആ കാഴ്ച കണ്ടു. വയലുകള്‍ നീളത്തില്‍ മണ്ണിട്ടു നികത്തുന്നു. കല്യാണമണ്ഡപമോ മറ്റോ പണിയാനാണത്രേ.
തിരിച്ചെത്തിയ അയാള്‍ രാത്രി ഒരു സ്വപ്നം കണ്ടു. നോക്കുന്നിടത്തെല്ലാം കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ മാത്രം.പച്ചപ്പ്‌ എങ്ങും കാണാനില്ല.
അക്കൂട്ടത്തില്‍ ചായം തേച്ച്‌ മനോഹരമാക്കിയ ഒരു കൂറ്റന്‍ മന്ദിരം. ആളുകള്‍ അതിനു ചുറ്റും കൂടിനില്‍ക്കുന്നു. അവര്‍ കുന്തിച്ചുനിന്ന് ചുവരുകളെ മണപ്പിക്കുമ്പോലെ എന്തോ ചെയ്യുകയാണ്‌.
പെട്ടെന്ന് ഒരു കാര്‍ സഡന്‍ ബ്രേക്കിട്ടു വന്നു നിന്നു. ഒരാള്‍ ഓടിയിറങ്ങി. ആളുകളെ ഉന്തിമാറ്റി, തിരക്കിട്ട്‌ മുമ്പോട്ടു വന്നു. "എന്റെ കെട്ടിടമാണ്‌. ഞാനാദ്യം തിന്നും!" ചിണുങ്ങുമ്പോലെ അയാള്‍ പറഞ്ഞു
എന്നിട്ട്‌ അയാള്‍ നാല്‍ക്കാലിയെപ്പോലെ നിന്ന് ആര്‍ത്തിയൊടെ ചുവര്‌ കടിച്ചുപറിക്കാന്‍ തുടങ്ങി.
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 0 comments
Friday, 27 June 2008,5:41 pm
അനന്തരം

ഒരു ചീഞ്ഞ മണം ശവം സൂക്ഷിപ്പുകാരനെപ്പോലെ കാന്റീനില്‍ കറങ്ങിനടന്നുകൊണ്ടിരുന്നു.
താടിക്കാരന്‍ മുഖമടുപ്പിച്ചു. "ഡോക്റ്റര്‍, ഡയറക്റ്റായിത്തന്നെ പറഞ്ഞേക്കാം. ആ ശവത്തെ പഠിക്കുമ്പോള്‍ താങ്കള്‍ ഇത്രമാത്രം ചെയ്യുക. നിരന്തരം കോടതികളില്‍ കയറിയിറങ്ങി ഒറ്റയാള്‍പ്പോരാട്ടം നടത്താന്‍ അയാളെ പ്രേരിപ്പിച്ച രസതന്ത്രമെന്ത്‌? നമുക്കില്ലാത്ത എന്തൊന്നാണ്‌ അയാള്‍ക്ക്‌..."
പെട്ടെന്നയാള്‍ പുറകിലേക്ക്‌ ചാഞ്ഞു.
"ശവം മറവുചെയ്തുകഴിഞ്ഞുവെന്നോ!"
ഇപ്പോള്‍ അലക്കിത്തേച്ചതുപോലൈരുന്ന ശുഭ്രമണിയന്‍ ഞെട്ടി. ഉടനെ മലക്കം മറിഞ്ഞ്‌ സമനില വീണ്ടെടുത്തു. "ഡോക്റ്റര്‍, ശവക്കുഴി തോണ്ടിയും നിഗമങ്ങള്‍ രൂപപ്പെടുത്താനാവുകയില്ലേ? അവന്‍ ഞങ്ങളെ കുറേ വെള്ളംകുടിപ്പിച്ചതാണ്‌. അവന്റെ ആ നശിച്ച നീതിബോധത്തിന്റെ ഗുട്ടന്‍സെന്ത്‌? അതു മനസ്സിലാക്കിയാല്‍ നാം ജയിച്ചു. നിര്‍ബന്ധിത പ്രി-നാറ്റല്‍ ടെസ്റ്റുകളിലൂടെ മുളയിലേ...."
അയാള്‍ പല്ലിറുമ്മുന്നത്‌ ഡിജിറ്റല്‍ ക്വാളിറ്റിയില്‍ ഉറക്കെ കേട്ടു.
അതേ സമയം മെഡിക്കല്‍ക്കോളേജ്‌ സെമിത്തേരിയുടെ മതിലു ചാടി ചില ഇരുണ്ട രൂപങ്ങള്‍ പതുങ്ങിപ്പതുങ്ങി നീങ്ങാന്‍ തുടങ്ങി.
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 0 comments
Thursday, 26 June 2008,7:21 pm
അച്ചടിക്കപ്പെടുന്ന കവിത

നസ്സില്‍ മൂടിക്കെട്ടിയ കവിതയുടെ ആദ്യത്തെ തിമര്‍പ്പുകള്‍കടലാസ്സിലേക്ക്‌ പെയ്തുതുടങ്ങുമ്പോള്‍ അതിന്റെ ദുര്‍വിധിയുടെ തുടക്കമാവുന്നു. പിന്നെ കഴുത്തും അരയും ഞെരിച്ചൊടിച്ച്‌ കവറിനകത്ത്‌ തടവിലാക്കുന്നു. കവിതയുടെ വിങ്ങുന്ന ശ്വാസകോശത്തില്‍ തപാല്‍ശിപായി ഉറക്കെ ലാത്തിയുടെ മുദ്ര പതിക്കുന്നു. പത്രാധിപരുടെ ജാമ്യത്തില്‍ കവിത വീണ്ടും ശുദ്ധവായു മുകരുന്നു. ജഡ്ജിമാര്‍ കവിതയെ ത്രാസ്സുകളില്‍ വിധിക്കുന്നു. അവസാന നിറത്തിന്റെയും ഉമ്മകൊടുത്ത്‌ കിതപ്പോടെ യന്ത്രം കവിതയുടെ നഗ്നതയെ വലിച്ചെറിയുന്നു. ഇപ്പോള്‍, കവിത കടകളില്‍ തൂക്കിലിടപ്പെട്ട്‌ നിര്‍ലജ്ജം കാമുകരെ മാടിവിളിക്കുകയാണ്‌. ഉടമസ്ഥന്റെ ലാഭത്തില്‍ ഒരക്കം കൂടി എഴുതിച്ചേര്‍ക്കുമ്പോള്‍ കവിതയുടെ നേത്രങ്ങള്‍ ചുടലയില്‍ പൊട്ടിത്തെറിക്കുന്നു.
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 2 comments
Tuesday, 24 June 2008,7:54 pm
ചുടലപ്പുക


ചെല്ലയ്യന്‍ നാടാര്‍ പാമ്പുകടിയേറ്റു മരിച്ചു. പാല്‍പ്പാണ്ടിയുടെ അപ്പ. പാല്‍പ്പാണ്ടിയുടെ ചിത്തപ്പാവാണ്‌ അവനെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോകന്‍ വന്നത്‌. പാവം, ഇത്ര കൊച്ചിലേ അവന്‌ അച്ഛനില്ലാതായല്ലോ. പള്ളിക്കൂടത്തില്‍നിന്നിറങ്ങുമ്പോള്‍ അവന്‍ വിങ്ങിവിങ്ങി കരഞ്ഞിരുന്നു.

പള്ളിക്കൂടം വിട്ട്‌ അണ്ണനോടും കൂട്ടുകാരോടുമൊന്നിച്ച്‌ നടേശന്‍ പടികളിറങ്ങുകയായിരുന്നു. റോഡിലെത്തിയപ്പോള്‍ അണ്ണന്‍ അവനെ വിളിച്ചുമാറ്റിനിര്‍ത്തി. "ഞാന്‍ കമ്പനിക്കടയില്‌ ചെന്നിട്ട്‌ വേഗം വരാം. നീ ഇശക്കിയമ്മന്‍ കോവിലിനടുത്ത്‌ ചെന്നുനില്ല്‌ . എന്തിന്‌ ചുമ്മാ നടക്കണ്‌" നടേശന്‍ തലകുലുക്കി.

0പുസ്തകങ്ങള്‍ക്കുള്ളില്‍ മടക്കിവച്ചിരുന്ന സഞ്ചിയെടുത്തുകൊണ്ട്‌ അണ്ണന്‍ കമ്പനിക്കടയിലേക്കും അവന്റെയും അണ്ണന്റെയും പുസ്തകം നെഞ്ചോട്‌ ചേര്‍ത്തുപിടിച്ചുകൊണ്ട്‌ നടേശന്‍ അവന്റെ വഴിയിലേക്കും നടന്നു.

മഴക്കാലം. നനഞ്ഞുകിടക്കുന്ന കാടുകള്‍. കുളിര്‌ നിശ്വസിച്ചുകൊണ്ട്‌ ഒഴുകിയലയുന്ന മൂടല്‍മഞ്ഞ്‌. കൊക്കയിലെ ആറ്റില്‍ ചായയുടെ നിറത്തില്‍ മലവെള്ളം ഇരമ്പുന്നു.

മീന്‍ പിടിക്കാന്‍ പോയപ്പോഴാണ്‌ പാല്‍പ്പാണ്ടിയുടെ അപ്പാവെ പാമ്പുകടിച്ചത്‌. കരിഞ്ചാത്തിയാണ്‌. ചത്തവന്റെ ചുടലപ്പുക കണ്ടിട്ടേ അടങ്ങൂ. അതുവരെ ഏതെങ്കിലും പൊക്കമുള്ള മരത്തിന്റെ കൊമ്പില്‍ ചുറ്റിക്കിടക്കും...


ചുടലപ്പുകയ്ക്ക്‌ എന്തിന്റെ നിറമായിരിക്കും? ഈ മൂടല്‍മഞ്ഞിന്റേതാവുമോ?

പാത കണ്ല്‍നിന്നു മറയുന്ന അകലെയുള്ള തിരിവിലേക്ക്‌ നടേശന്‍ നോക്കി. പൊന്നുവോ നീലാണ്ടനോ പോകുന്നുണ്ടോ? ഇല്ല. അവന്‌ പരിഭവവും സങ്കടവും തോന്നി. എങ്കിലും അവര്‍ അല്‍പനേരം കാത്തില്ലല്ലോ..

നടേശന്‍ 'പൂമര'ത്തിനടുത്തെത്തി. ഇപ്പോള്‍ പൂമരത്തെ പേടിയൊന്നുമില്ലെങ്കിലും കടന്നുപോകുമ്പോള്‍ അവനങ്ങോട്ടു നോക്കിയില്ല. നെഴ്‌സമ്മയുടെ ബംഗ്ലാവിനടുത്തുവച്ച്‌ ആശുപത്രിയിലേക്ക്‌ തിരിഞ്ഞു. ആശുപത്രിയും പരിസരങ്ങളും വിജനമായിക്കിടന്നു. ഇന്നെന്തേ ഇങ്ങനെയെന്നവന്‍ ഓര്‍ത്തു. ഒറ്റപ്പെട്ടുനില്‍ക്കുന്ന, വസൂരിരോഗികളെ കിടത്താറുള്ള പച്ചച്ചായമടിച്ച കെട്ടിടത്തിലേക്ക്‌ നോക്കിയില്ല. ചിലപ്പോള്‍ രോഗികളുണ്ടാവും. നോക്കിയാല്‍ വസൂരി വരും.ആശുപത്രിവളപ്പില്‍ നിന്നും സിമന്റുപടികളിറങ്ങി, കമ്പനിക്കടയുടെ മുന്നിലൂടെ കടന്നുവരുന്ന പുല്ലുപിടിച്ച റോഡില്‍, ഇശക്കിയമ്മന്‍ കോവിലിനടുത്ത്‌ നടേശന്‍ അണ്ണനെ കാത്തുനിന്നു. ഇശക്കിയമ്മനെ ചവിട്ടിയ ഷൗക്കത്തിനെ എന്തിനോ അവനപ്പോള്‍ ഓര്‍ത്തു. കാലുകളഴുകിയാണയാള്‍ ചത്തത്‌.

റോഡില്‍ അവിടവിടെനിന്ന് ഊറ്റുകള്‍ പൊട്ടിയൊഴുകുന്നു. തേയിലക്കാടുക്കള്‍ക്കുമീതെ പറന്നുചെന്ന് ആശുപത്രിക്കെട്ടിടങ്ങളെ പിടിച്ചു വിഴുങ്ങിക്കൊണ്ട്‌ മരങ്ങളില്‍ പറ്റിപ്പിടിച്ചുകയറുന്ന മൂടല്‍മഞ്ഞ്‌.

റോഡരികിലെ ചെരിവില്‍ രണ്ടായി പിളര്‍ന്നു നില്‍ക്കുന്ന പാറ നടേശനപ്പോള്‍ കണ്ടു. പിളര്‍പ്പില്‍നിന്നും ഒരാല്‍മരം വളര്‍ന്നു വന്നിരിക്കുന്നു. ഒരു മനുഷ്യനാണത്‌-ഒരു പാറവെടിവെപ്പുകാരന്‍. അയാള്‍ ആ പാറ പൊട്ടിക്കാന്‍ പോകുമ്പോള്‍ ഒരു സര്‍പ്പം വഴിമറിച്ച്‌ പോകരുതെന്ന് വിലക്കിയതാണ്‌. സാരമാക്കാതെ അയാള്‍ പോയി. തമരടിക്കുമ്പോള്‍ പാറ പിളര്‍ന്നുവീണ്‌ മരിച്ചു.
അണ്ണന്‍ കമ്പനിക്കടയിലെന്തു ചെയ്യുന്നു? നേരം വൈകുന്നല്ലോ.

എവിടെനിന്നെല്ലാമോ പടര്‍ന്നുപിടിച്ച്‌ മഞ്ഞ്‌ എല്ലാറ്റിനേയും കീഴടക്കിയിരിക്കുന്നു. ചുറ്റും നിന്ന് പാഞ്ഞടുക്കുന്ന മഞ്ഞിന്റെ പത്തികള്‍.

അവനെന്തോ പേടിതോന്നി.

കാറ്റാടിമരത്തിന്റെ ഒരിലയോ ആകാശത്തിന്റെ ഒരു കഷ്ണമോ കാണാനില്ല. നോക്കുന്നിടത്തെല്ലാം വെളുപ്പ്‌. മഞ്ഞ്‌. അല്ലാതെ അവന്‍ മാത്രമുണ്ട്‌.

ഭീതി വളര്‍ന്നു.അണ്ണന്‍ ഇനിയും വരാത്തതെന്ത്‌?

ആശുപത്രിക്കെട്ടിടങ്ങള്‍ ഒന്നു കാണാന്‍ കഴിഞ്ഞെങ്കില്‍... അവന്റെ മനസ്സു കൊതിച്ചു. വസൂരിരോഗികളുടെ ആ പച്ചക്കെട്ടിടമെങ്കിലും...

മൂടല്‍മഞ്ഞിന്റെ സ്പര്‍ശം കൂടുതലനുഭവപ്പെടാന്‍ തുടങ്ങി.

ഇനി താമസമില്ല. മഞ്ഞ്‌ അവനിലേക്കും പടരും. ഇതാ ഇപ്പോള്‍...ഇതാ...

അണ്ണന്‍ ഇനി വരില്ല. അവന്‍ മഞ്ഞിലേക്കു നടന്നു.
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 1 comments
Monday, 23 June 2008,9:04 pm
കാറ്റ്‌



നല്ല പ്രകാശമുള്ള പകലുകളെ അയാളെന്നും ഇഷ്ടപ്പെടുന്നു. പറമ്പിലെ ചാമ്പവരിക്ക മാവിന്റെ തണലില്‍ കസേരയെടുത്തിട്ടിരുന്നു. പാതിവായിച്ച്‌ മടക്കിവച്ചിരുന്ന നോവല്‍ നിവര്‍ത്തി. അപ്പോള്‍ കാറ്റ്‌ വീശാന്‍ തുടങ്ങി. സുഗന്ധവാഹിയായ ചിങ്ങക്കാറ്റ്‌. അയാള്‍ നോവല്‍ മടക്കിവച്ചിട്ട്‌ കാറ്റേറ്റ്‌ സുഖിച്ചിരുന്നു. അപ്പോഴയാള്‍ക്ക്‌ കാറ്റിനോട്‌ എന്തെന്നില്ലാത്ത സ്നേഹം തോന്നി. ജീവിതത്തിലാദ്യമായി അയാള്‍ കാറ്റിനെക്കുറിച്ച്‌ ചിന്തിച്ചു. കാറ്റിന്റെ ഉറവിടത്തെക്കുറിച്ചും വഴികളെക്കുറിച്ചും കവിയെപ്പൊലെ ഓര്‍ത്തു.




കാറ്റ്‌ ആഞ്ഞുവീശുന്നു. മരങ്ങളിലും ചെടികളിലും പൊട്ടിച്ചിരിക്കുന്നു. അയാള്‍ എല്ലാം ഉള്‍ക്കുളിരോടെ നോക്കിയിരുന്നു. ഇതുപോലെ കാറ്റുവീശുന്നൊരു ദിവസം ഇങ്ങനെയിരുന്ന് മരിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് അയാള്‍ ആശിച്ചു. അപ്പോഴാണതു കണ്ടത്‌! കുറെ ദിവസങ്ങള്‍ക്കുമുമ്പ്‌ നട്ട തെങ്ങിന്‍ തൈകള്‍ കാറ്റില്‍പ്പെട്ട്‌ ചുവടോടെ ഉലയുന്നു. "മണ്ണിലിറങ്ങിയ ഇളവേരുകള്‍ പൊട്ടിപ്പോകുമല്ലോ ഇങ്ങനെയുലഞ്ഞാല്‍




അയാള്‍ കുതിച്ചെണീറ്റു. മാവിന്റെ ചുവട്ടിലടുക്കി വച്ചിരുന്ന മരച്ചീനിക്കമ്പുകളെടുത്ത്‌ പെട്ടെന്ന് പെട്ടെന്ന് ഊന്നുകൊടുക്കാന്‍ തുടങ്ങി. അപ്പോഴും കാറ്റ്‌ വീശിക്കൊണ്ടിരുന്നു; മരങ്ങളെയും ചെടികളെയും പിടിച്ച്‌ കുലുക്കിക്കൊണ്ട്‌. അയാള്‍ അരിശത്തോടെ പിറിപിറുത്തു:"നാശം..."
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 3 comments
Sunday, 22 June 2008,9:26 pm
ദരിദ്രന്റെ മരണപത്രം

എന്റെ ശവം

ചന്ദനവിറകില്‍ ദഹിപ്പിച്ച്‌

ചാരം

വിമാനം വഴി

സഹ്യസാനുക്കളില്‍ വിതറണം
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 0 comments
Tuesday, 17 June 2008,10:49 pm
മലമ്പാതയെക്കുറിച്ച്‌ ഒരു പ്രസ്താവന


മലമടക്കുകളിലെ ഈ പാത. ഇത്‌ നിങ്ങള്‍ക്ക്‌ ഒഴിവുദിനാഘോഷങ്ങളും മദ്യക്കുപ്പികളും ആര്‍പ്പുവിളികളും മരണവേഗങ്ങളുമായിരിക്കാം. ഞങ്ങള്‍ക്കിത്‌, ഈപാത നിര്‍മ്മിച്ച അടിമവേലക്കാരുടെ, അജ്ഞാതമായൊടുങ്ങിയ ജന്മങ്ങളെക്കുറിച്ചുള്ള ഓര്‍മകളാണ്‌. പകയുറ്റ പ്രേരണകളാണ്‌.

 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 1 comments
Monday, 16 June 2008,2:18 pm
ഇളനീര്‍ ദേവന്

ളനീര്‍ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ യാദൃശ്ചികമായാണ്‌ കുഞ്ഞുമോള്‍ ആ സംശയമുന്നയിച്ചത്‌."അച്ഛാ ഈ തേങ്ങയ്ക്കകത്ത്‌ വെള്ളം വരുന്നതെങ്ങനെയാണ്‌?"

ഭൗതികവാദിയാണെങ്കിലും, എഴുതിക്കൊണ്ടിരിക്കുകയായിരുന്ന അച്ഛന്‍ തല്‍ക്കാലം രക്ഷപ്പെടാനായി പറഞ്ഞതിങ്ങനെ: "അത്‌ ദൈവത്തിന്റെ പണിയാണ്‌, മോളേ."

"എന്നാല്‌ കൊച്ചിങ്ങയില്‌ വെള്ളമില്ലല്ലോ!"

മകള്‍ കുടയുകയാണോ?

അച്ഛന്‍ പറഞ്ഞു: "കൊച്ചിങ്ങ കരിക്കാവുമ്പോള്‍ ദൈവം മരത്തില്‍ കയറി അതിനുള്ളില്‍ വെള്ളമൊഴിക്കും."

"എപ്പഴാ ദൈവം മരത്തില്‍ കയറുക? ഞാന്‍ കണ്ടിട്ടില്ലല്ലോ."

"അതേയ്‌... രാത്രിയിലാണ്‌."

"ങാ, അതു ശരി" ഇത്തിരി മൗനം.എന്നിട്ട്‌, "പിന്നെന്തിനാണച്ഛാ, രാത്രിയില്‍ തേങ്ങയ്ക്കകത്ത്‌ വെള്ളമൊഴിക്കാന്‍ കയറിയ ദൈവത്തിനെ അന്ന്‌ അച്ഛനൊക്കെ ചേര്‍ന്ന് പിടിച്ച്‌ തല്ലിയത്‌?"

ഇപ്പോള്‍ സത്യമായും അച്ഛനൊന്നും മിണ്ടാനായില്ല.
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 0 comments
Saturday, 14 June 2008,5:57 pm
സ്വപ്നബാല്യം

ഞ്ഞയരളിയും കാര്‍ത്തികയും വിരിഞ്ഞ ബാല്യത്തിന്റെ ഒറ്റയടിപ്പാതയിലേക്ക്‌ മടങ്ങിച്ചെന്ന്, സ്ലേറ്റും പുസ്തകവും അമ്മയൊരുക്കിത്തന്ന പുതുമയും ഉണര്‍വ്വുമായി, കൂട്ടുകാരുമൊത്ത്‌ ശബ്ദഘോഷങ്ങളോടെ പള്ളിക്കൂടത്തിലേക്കു പോകുന്നത്‌ ഇന്നലെ ഞാന്‍ സ്വപ്നം കണ്ടു.


വേനലവധി കഴിഞ്ഞുള്ള സ്കൂള്‍ തുറപ്പാണ്‌. പുസ്തകങ്ങളുടെയും പുത്തനുടുപ്പുകളുടെയും ഗന്ധവും നാണിച്ചും പരുങ്ങിയും ചില പുതുമുഖങ്ങളും ക്ലാസ്സിലുണ്ട്‌. ദാനിയേല്‍ സാര്‍ പാഠപുസ്തകത്തിലെ പ്രതിജ്ഞ വായിപ്പിക്കുന്നേരം ഞാനെണീറ്റ്‌ ചില സംശയങ്ങളുന്നയിക്കുകയും ആ വിയോജിപ്പിന്റെ ദേഷ്യം ചുമരുകളിലും മതിലുകളിലുമൊക്കെ എഴുതിവയ്ക്കുകയും ചെയ്തു.


സ്വാതന്ത്ര്യ ദിനാഘോഷവും (അത്‌ ആഗസ്റ്റ്‌ പതിനഞ്ചിനായിരുന്നില്ല) അതിനോടനുബന്ധിച്ചുള്ള ഘോഷയാത്രയും. മരച്ചില്ലകളും പൂങ്കുലകളുമൊക്കെയാണ്‌ ഞങ്ങള്‍ കൊടികളായി ഉയര്‍ത്തിപ്പിടിച്ചിരുന്നത്‌. അവയെച്ചുറ്റി ശലഭങ്ങള്‍ പാറിയിരുന്നു. പക്ഷികളും മുയലും പുള്ളിപ്പുലിയും കരിവീരനും സ്വാതന്ത്ര്യഗീതവും പാടി മുന്‍നിരയില്‍ മാര്‍ച്ചുചെയ്തുകൊണ്ടിരുന്നു. സൂര്യനക്കരെ, മറ്റൊരു നക്ഷത്രത്തിന്റെ ഓമല്‍ധരയില്‍ പ്രഥമ നിമിഷങ്ങളിലേക്ക്‌ ജനിച്ചുവീണ ശിശുവിനായിരുന്നു ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിച്ചിരുന്നത്‌.
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 2 comments
,5:41 pm
ഒരൊറ്റ മാമ്പഴം



മാഞ്ചുവടുകളില്‍ കുട്ടികള്‍ക്കും കാക്കകള്‍ക്കും മധുരനര്‍ത്തനം. ഫലരാശിയുടെ തുരന്നെടുക്കപ്പെട്ട മഞ്ഞ ഹൃദയാന്തരങ്ങള്‍...


നോക്കൂ, കോണ്‍ക്രീറ്റ്‌ വീടുയരുന്ന ഈ ഭൂഭാഗത്ത്‌ മുമ്പൊരു കസ്തൂരി മാവുണ്ടായിരുന്നു.


കുട്ടിക്കാലത്ത്‌ ഒരു ത്രിസന്ധ്യയ്ക്ക്‌, വിജനമായ തേയിലക്കാടിനിടയിലൂടെയുള്ള ഒറ്റയടിപ്പാതയിലൂടെ, ഭയസ്പന്ദനങ്ങളുമായി മഴനനഞ്ഞ്‌ വീട്ടിലേക്കോടിയത്‌ ഓര്‍മവരുന്നു. പാതയുടെ മാറിലെമ്പാടും നിന്ന് ജീവന്റെ പ്രാചീനമായ തണുപ്പുമായി ഊറ്റുകള്‍ ഉറവപൊട്ടിയൊഴുകിക്കൊണ്ടിരുന്നു. ഒരു നാട്ടുമാവും വലിയ കായുള്ള കാപ്പിമരവുമുള്ള ബാല്യത്തിന്റെ ഒരു വിശേഷകൗതുകസ്ഥാനം. ചെറിയ മാമ്പഴങ്ങള്‍ തലയില്‍ വന്നു പതിക്കേ ഞാനോടിക്കൊണ്ടിരുന്നു. രോഗബാധിതമായ ആ ചെറു മാമ്പഴങ്ങളുടെ അമിതമായ കറച്ചുവയുള്ള ചെറുമധുരം മനസ്സിലുണ്ട്‌.


25 വര്‍ഷങ്ങള്‍ക്കുമുമ്പൊരു പകല്‍. അമ്മുമ്മയും അണ്ണനുമില്ലാത്ത ഗ്രാമത്തിലെ വീടും പരിസരങ്ങളും നിശ്ശബ്ദമായിരുന്നു. വിജനതയുടെ പര്യായം പോലെ നിന്നു വിങ്ങിയ ഒരേകാന്തതയില്‍ വെറുതെ ഒരു ഇരിക്കപ്പൊറുതിയില്ലായ്കമൂലമാാണ്‌ ഞാന്‍ ആ മാവില്‍ വലിഞ്ഞുകയറിയതെന്നോര്‍ക്കുന്ന


മാവിലകളുടെ ഹരിതഭാവവും ശീതളഗന്ധവും പുണര്‍ന്ന് ഞാനിരുന്നു. പെട്ടെന്ന് നടുങ്ങിപ്പോയി. ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ ഒരു മാമ്പഴം ഉദിച്ചുനില്‍ക്കുന്നു! മധുരമായൊരു നിറവിന്റെ സാധ്യതയിലും അതില്‍ നിന്ന് പ്രസരിച്ചുകൊണ്ടിരുന്ന സൗരഭ്യത്തിലും മനസ്സ്‌ കോരിത്തരിച്ചു. ഞാന്‍ തൊട്ടതും, ഫലം എന്റെ കൈവെള്ളയില്‍ സമര്‍പ്പിക്കപെട്ടതുപോലെ അടര്‍ന്നു വീണു. നല്ല മുഴുപ്പും തൂക്കവുമുള്ള ഒരൊറ്റ മാമ്പഴം.


സവിശേഷം ഞാനോര്‍മിക്കുന്നു.ഒരൊറ്റ മാമ്പഴമേ ആ ചെറു വൃക്ഷത്തിലുണ്ടായിരുന്നുള്ളൂ.

 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 1 comments
Thursday, 12 June 2008,8:30 pm
ആദിമ ഗൃഹങ്ങളെക്കുറിച്ചുള്ള സ്മൃതി


ഗസ്ത്യകൂടം കൊടുമുടിയുടെ നെറുകയില്‍ നിന്ന്‌ അടര്‍ത്തിയെടുത്ത ഒരു ചെറിയ ശിലാഖണ്ഡം ആ ഔന്നത്യത്തിന്റെ തന്നെ ഒരു പൂവിനൊപ്പം എന്റെ ഹൃദയത്തിന്റെ ഉള്‍മടക്കുകളില്‍ ഞാന്‍ സൂക്ഷിച്ചുവയ്ക്കുന്നു.


കൊടുമുടി കീഴടക്കി, താഴ്‌വരയിലെ ഭീതിതമായ വൈരുധ്യത്തിന്റെ മലമടക്കുകള്‍ നോക്കിനില്‍ക്കേ, സൂര്യനില്‍ നിന്നും പൊട്ടിത്തെറിച്ചു വീണ ഭൂമിയുടെ ഭാവങ്ങള്‍ എനിക്കനുഭവപ്പെട്ടു.


ഞാന്‍ ആ സമയം മനുഷ്യജീവിയുടെ നിസ്സാരതയെക്കുറിച്ചും കൊടുമുടികള്‍ കീഴടക്കുന്ന അവന്റെ കാലുകളുടെ അജയ്യതയെക്കുറിച്ചുമാണ്‌ ചിന്തിച്ചത്‌.
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 0 comments
,8:28 pm
നഗരം


"ഇക്കാണുന്ന പഴങ്ങളും ധാന്യങ്ങളുമൊക്കെ എവിടെയാണ്‌ ഉണ്ടാക്കുന്നത്‌, അച്ഛാ"


മകന്‍, അച്ഛന്റെ വിരലില്‍ തൂങ്ങി കമ്പോളത്തില്‍ നടക്കുമ്പോള്‍ തിരക്കി.


"മരച്ചീനി മരത്തിലുണ്ടാകുന്ന ഒരു കായാണോ?"


"മകനേ, അല്ല." പിതാവ്‌ മൊഴിഞ്ഞു:


"ദൂരെ ദൂരെ ഗ്രാമങ്ങളെന്നു വിളിക്കുന്ന ചില പ്രത്യേക ഭൂവിഭാഗങ്ങളുണ്ട്‌. അവിടെ വയലുകളിലും തോട്ടങ്ങളിലും കൃഷിക്കാരന്‍, തൊഴിലാളി എന്നിങ്ങനെയെല്ലാം വിളിക്കപ്പെടുന്ന ഒരുതരം റോബോട്ടുകളുണ്ട്‌.അവ ഇത്‌ കൃഷിചെയ്തിട്ട്‌ നമുക്ക്‌ തിന്നാനായി (അവരുടെ ഭക്ഷണം വാഗ്ദാനങ്ങളാണ്‌) നഗരത്തിലേക്ക്‌ അയച്ചുതരുന്നു."

 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 1 comments
Friday, 6 June 2008,6:19 pm
വികസനം



ചെ
മ്മണ്‍ പാതയിലൂടെ ലോണെടുക്കാന്‍ പോയവര്‍
ടാര്‍ റോഡിലൂടെ ലോണെടുക്കാന്‍ പോകുന്നു.
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 1 comments
,6:11 pm
പാണ്ടിത്തൂള്‍



ണ്ടാണ്‌. ബോണക്കാട്ടെ ഒരു മലഞ്ചെരിവിലൂടെ കുറേ കുട്ടികള്‍ കളിച്ചു നടക്കുകയായിരുന്നു. ഉച്ചയ്ക്കും കുളിര്‍മ ; തെളിവെയില്‍ പെട്ടെന്നു ചാറ്റല്‍മഴയുടെ ഒരു ചീന്ത്‌ അവരുടെ മേല്‍ വന്നു വീണു. രോമാഞ്ചത്തോടെ അവര്‍ മേല്‍പ്പോട്ട്‌ നോക്കി. ഒരു വെണ്‍മേഘം പോലുമില്ലാത്ത നീലാകാശത്താഴവാരത്തൂടെ ഒരു കാറ്റിനൊപ്പം വെട്ടിത്തിളങ്ങി അതാ പോകുന്നു, ഒരു സഞ്ചാരിമഴ .

പാണ്ടിത്തൂള്‍...പാണ്ടിത്തൂള്‍!!! കുട്ടികള്‍ ആര്‍ത്തു വിളിച്ചു .

മലനിരകള്‍ക്കപ്പുറത്ത്‌ പാണ്ടിനാട്ടില്‍ പെയ്യുന്ന മഴയെ കാറ്റടിച്ചു കൊണ്ടുവരുന്നതാണത്‌. അപൂര്‍വമായ പ്രകൃതിഭാവങ്ങളിലൊന്ന് - ഒരു വിസ്മയ ചാരുത .

പൊട്ടിച്ചിതറിയ ഒരു മഴവില്ലിന്റെ ഹൃദയം...
 
posted by നടരാജന്‍ ബോണക്കാട്‌ | Permalink | 1 comments
d'SIGN: > aavi & daya