Friday 18 July, 2008,4:44 pm
ഒരു വിളക്കിന്റെ കഥ

പ്പ ഫാക്ടറിയില്‍ നിന്നുവന്ന്, ആപ്പിളുകളുടെ മുഖചിത്രമുള്ള, കലാകൗമുദിയെന്ന പുതിയ വാരിക വായിച്ചുകൊണ്ട്‌ കിടക്കുകയാണ്‌. അമ്മ അടുക്കളയില്‍ പച്ചത്തേയില ഇടിക്കുന്നു. മഴക്കാലത്ത്‌ മാമൂട്ടു വനങ്ങളില്‍ കാണാറുള്ള വെള്ളച്ചാട്ടങ്ങള്‍ പ്രത്യക്ഷപ്പെട്ടോയെന്ന് നോക്കാനാണ്‌ നടേശന്‍ ജനല്‍ തുറന്നത്‌. ജനലിലൂടെ നുഴഞ്ഞുകയറിവന്ന മൂടല്‍മഞ്ഞ്‌ അത്ഭുതത്തോടെ എല്ലാമൊന്ന് നോക്കി അലിഞ്ഞുപോയി.


ജനലടയ്ക്കുമ്പോള്‍ കതകില്‍ മുട്ട്‌.


മറ്റൊരു മഞ്ഞായിരിക്കുമോ?


കതക്‌ തുറന്നപ്പോള്‍ ഒരു കുട്ടി അകത്ത്‌ കടന്നു. അപ്പായ്ക്ക്‌ ചെവി കേള്‍ക്കില്ല. എങ്കിലും തിരിഞ്ഞു നോക്കി.


നടേശന്‍ അനിയത്തിയുടെ സ്ലേറ്റെടുത്ത്‌ അപ്പായ്ക്ക്‌ എഴുതിക്കൊടുത്തു. ഒരു വിളക്ക്‌. ഏതു വിളക്കെന്നു ചോദിച്ചുകൊണ്ട്‌ അപ്പ ഓര്‍മയിലുഴറി.നടേശന്‍ വീണ്ടും വീണ്ടും എഴുതി.


കുട്ടിയുടെ അച്ഛനാണ്‌ വിളക്കേല്‍പ്പിച്ചത്‌. കുറേ മുന്‍പ്‌.


സ്ലേറ്റില്‍ അവന്റെ അച്ഛനെക്കണ്ട്‌ അപ്പ പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞ്‌ അവനെ നോക്കി. അപ്പയുടെ നോട്ടത്തില്‍ വിമൂകമായ ഒരു തിളക്കം.


നടേശനെയും കൂട്ടി പഴയ സാധനങ്ങള്‍ക്കിടയില്‍നിന്ന് ആ പിത്തളവിളക്ക്‌ തപ്പിയെടുക്കുന്നതിനിടെ അപ്പ അവന്‌ ആ കുട്ടിയുടെ കഥ പറഞ്ഞുകൊടുത്തു. അവന്റച്ഛന്‍ കുത്തേറ്റാണ്‌ മരിച്ചത്‌. ലയത്തില്‍ തൊട്ടടുത്ത പോര്‍ഷനിലെ താമസക്കാരന്റെ. ഇറയം ചോരാതിരിക്കാന്‍ മേല്‍ക്കൂരയില്‍ വച്ചിരുന്ന തകരം ഒരല്‍പം മറ്റേയാളിന്റെ ഭാഗത്തേയ്ക്ക്‌ നീങ്ങിപ്പോയി എന്നതായിരുന്നു വഴക്കിനു കാരണം.


ഒരു തകരക്കഷണം...


അവനില്‍ ഒരു ഗദ്ഗദമുടഞ്ഞു.


വിളക്കേല്‍പ്പിക്കുമ്പോള്‍ പഠിക്കുന്നില്ലേയെന്നു ചോദിച്ച്‌ അപ്പ കുട്ടിയുടെ കവിളില്‍ തലോടി.


അവന്‍ പഠിപ്പ്‌ നിര്‍ത്തിയിരുന്നു. നാല്‌ ജയിച്ചു. ഇനി വിതുരയി പോകണം.


കുട്ടി വിളക്കുമായി പടിയിറങ്ങി മഞ്ഞില്‍ മറഞ്ഞുപോകുന്നത്‌ നടേശന്‍ നോക്കിനിന്നു.


എന്തോ, ആ വിളക്ക്‌ കത്താതിരിക്കുമോയെന്ന് അവന്‍ ഭയപ്പെട്ടു.

 
posted by നടരാജന്‍ ബോണക്കാട്‌ | Permalink |


1 Comments:


d'SIGN: > aavi & daya