
`മണ്ണെണ്ണയില്‍ നിന്നെരിയുമ്പോള്‍ - നെഞ്ചിനുള്ളിലെ ജ്വാലകള്‍ക്ക് അതിനെക്കാള്‍ തീവ്രതയായിരുന്നതുകൊണ്ട് ഒരിക്കലും അവര്‍ക്ക് പൊള്ളിയിരുന്നില്ലത്രെ!' പെണ്ണുകാണല്‍ സംഘത്തിലെ കാരണവരായ വൃദ്ധന്‍ ശിഥിലമായ തന്റെ കഥനം തുടര്‍ന്നുകൊണ്ടിരുന്നു. `പെണ്‍ഭ്രൂണഹത്യ, ശിശുഹത്യ (തമിഴ്‌നാട്ടിലെ ഉസിലാംപട്ടി ഗ്രാമത്തില്‍ പെണ്‍ശിശുഹത്യയ്‌ക്കെതിരെ കേസെടുക്കുകപോലും ചെയ്യുമായിരുന്നില്ലത്രെ!), മനുഷ്യക്കടത്ത്, ചുവന്ന തെരുവ് - ഇങ്ങനെ പല ഏര്‍പ്പാടുകളും അന്ന് നിലവിലുണ്ടായിരുന്നുത്രെ! ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കായി `അമ്മത്തൊട്ടില്‍' എന്നൊരു സമ്പ്രദായം ഗവണ്‍മെന്റുതന്നെ ഏര്‍പ്പെടുത്തിയിരുന്നുപോലും. പെണ്ണിനങ്ങളില്‍ മുട്ടയും പാലും നല്‍കുന്ന പക്ഷികളും മൃഗങ്ങളും മാത്രമേ വ്യാപകമായി വളര്‍ത്തപ്പെട്ടിരുന്നുള്ളൂ....'
ചെറുക്കന്‍ നെടുവീര്‍പ്പിട്ടു.
അതിന്റെ നാനാര്‍ഥങ്ങള്‍ വന്നുതൊട്ട് വഴിയോരത്തെ കാര്‍ത്തികയും കാക്കപ്പൂവുമൊക്കെ വെന്തുപോയി.
``നല്ലവണ്ണം കണ്ടുകൊള്‍ക. ശേഷം ഒരു ഭാഷണത്തിനിടവരരുത്'' പെണ്ണച്ഛന്‍ പറഞ്ഞു.
എന്തൊരു ശാലീനസൗന്ദര്യം! ചെറുക്കന്‍ കണ്ടു.
മുലക്കണ്ണ് കവിഞ്ഞൊഴുകിയ നനവ്....
അവന്റെ ഏതൊക്കെയോ ഗ്രന്ഥികള്‍ ഒരുമിച്ച് സ്‌ഖലിച്ചുപോയി.
``എത്ര കിട്ടും?''
``ഒരു പത്ത് പതിനൊന്ന് ലിറ്റര്‍. തള്ള വിദേശയിനമാണെന്ന് കൂട്ടിക്കോളൂ.''
``എത്ര തരണം?''
``ക്‌ടാവ് പെണ്ണല്ലേ, ഒറ്റവില. രണ്ടു തന്നാല്‍ ഉറപ്പിക്കാം.''
സുഖദമായ ഒരു മയക്കത്തിലമര്‍ന്ന്, അങ്ങകലെയെങ്ങോ നിന്നോണം ചെറുക്കന്‍ കേട്ടുകൊണ്ടിരുന്നു.